ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരുകയാണ്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാന്‍ സുപ്രീംകോടതി തങ്ങളുടെ പരമാധികാരവും ധാര്‍മിക അധികാരവും ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഒരു ഹരജിക്കാരന്‍ രംഗത്തെത്തി.
ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയാണ് ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടത്. LGBTQIA+ മനുഷ്യര്‍ക്ക് സമൂഹത്തിലെ മറ്റ് വ്യക്തികളുടേത് പോലെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ലഭ്യമാക്കണമെന്നും സര്‍ക്കാരുകള്‍ സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിക്കണമെന്നും രോഹ്തഗി വാദിച്ചു.
വിധവാ പുനര്‍വിവാഹം അനുവദിക്കപ്പെട്ടപ്പോള്‍ സമൂഹത്തില്‍ നിന്ന് പലവിധമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നെന്നും എന്നാല്‍ കാലക്രമേണ അതിന് സാമൂഹ്യ അംഗീകാരം ലഭിച്ചുവെന്നുമുള്ള കാര്യം രോഹ്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ സ്വവര്‍ വിവാഹവും അംഗീകരിക്കപ്പെടുമെന്നാണ് രോഹ്തഗി കോടതിയില്‍ വാദിച്ചത്.
‘സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കോടതി സമൂഹത്തെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരത്തിന് പുറമെ കോടതിയുടെ ധാര്‍മിക അധികാരവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം. ഞങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തി നല്‍കാന്‍ ഈ കോടതിയുടെ ധാര്‍മിക അധികാരത്തെയും വിശ്വാസ്യതയെയുമാണ് ആശ്രയിക്കുന്നത്. അവകാശങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമാക്കി നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്,’ ഹരജിക്കാര്‍ക്കായി രോഹ്തഗി കോടതിയില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി ചേര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ വിവാഹത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയേണ്ടത് ആവശ്യമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞത്.
‘കണ്‍കറന്റ് ലിസ്റ്റിന്റെ അഞ്ചാം ലിസ്റ്റില്‍ കല്യാണം, വിവാഹ മോചനം, ദത്തെടുക്കല്‍, കൂട്ടുകുടുംബവും വിഭജനവും, പിന്തുടര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. അതില്‍ ഏതെങ്കിലും ഒന്നില്‍ വ്യത്യാസം വരികയാണെങ്കില്‍ മറ്റുള്ളവയെ തീര്‍ച്ചയായും ബാധിക്കുന്നതായിരിക്കും.
അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് അവകാശമുണ്ട്. പ്രത്യേകിച്ചും ഈ വിഷയത്തിലെ നിയനിര്‍മാണത്തില്‍ അവകാശമുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വവര്‍ഗവിവാഹത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാനങ്ങളെ ഇതില്‍ കക്ഷിചേര്‍ക്കണം,’ എന്നിങ്ങനെയാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
Content Highlights: The opposition to widow remarriage has changed; The Supreme Court should use its sovereign power to make same-sex marriage legal