| Thursday, 19th December 2024, 5:33 pm

ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ് പ്രമേയം തള്ളിയത്.

രാജ്യസഭാ സെക്രട്ടറി ജനറല്‍ പ്രമോദ് ചന്ദ്ര മോദിയാണ് ഹരിവംശ് നാരായണ്‍ സിങ് തയ്യാറാക്കിയ ഉത്തരവ് അവതരിപ്പിച്ചത്.

ഉപരാഷ്ട്രപതിയുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നാണ് ഹരിവംശ് നാരായണ്‍ സിങ്ങിന്റെ പരാമര്‍ശം.

ജഗ്ദീപ് ധന്‍കറിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും ഇംപീച്ച്‌മെന്റ് നോട്ടീസിന് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും ഹരിവംശ് നാരായണ്‍ സിങ് തയ്യാറാക്കിയ ഉത്തരവില്‍ പറയുന്നു.

പ്രമേയം നടപ്പിലാക്കുന്നതിന് ആവശ്യമായ 14 ദിവസത്തെ നോട്ടീസ് പ്രതിപക്ഷം നല്‍കിയിട്ടില്ലെന്നും നോട്ടീസില്‍ ധന്‍കറിന്റെ പേരെഴുതിയത് തെറ്റാണെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന് കാണിച്ചാണ് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ അവിശ്വാസ പ്രമേയം നല്‍കിയത്. തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നുവെന്നും ഇന്ത്യാ സഖ്യം പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനായി എഴുന്നേല്‍ക്കുമ്പോള്‍ പാര്‍ലമെന്ററി കണ്‍വെന്‍ഷന്‍ നിര്‍ബന്ധമാക്കിയെന്നും പ്രസംഗങ്ങള്‍ തടസപ്പെടുത്തുവെന്നും മൈക്ക് ഓഫാക്കി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ധന്‍കറിനെകതിരെ ഉയര്‍ത്തിയിരുന്നു.

ഉപരാഷ്ട്രപതിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ധന്‍കറിനെതിരേയുള്ള അവിശ്വാസ പ്രമേയം തയ്യാറാക്കിയിരുന്നത്.

Content Highlight: The opposition’s no-confidence motion against Jagdeep Dhankar was rejected

Latest Stories

We use cookies to give you the best possible experience. Learn more