ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം
ചെന്നൈ: ജാതിസെന്‍സസ് എന്ന ആവശ്യം ദേശീയ തലത്തില്‍ ശക്തമായി മുന്നോട്ട് വെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത സാമൂഹ്യനീതി കോണ്‍ക്ലേവിലാണ് ഈ തീരുമാനം.
ബി.ജെ.പിയുടെ പിന്നാക്ക വിരുദ്ധ നിലപാട് ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിക്കണമെന്നും അതിനായി ജാതി സെന്‍സസിനെ ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ആവശ്യം.
സാമൂഹ്യനീതി ആശയങ്ങളുമായി ബന്ധപ്പെട്ടാണ് മീറ്റിങ് സംഘടിപ്പിച്ചതെന്നാണ് ഡി.എം.കെ പറയുന്നത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ വേദിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ അഭിപ്രായപ്പെട്ടത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനോടും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയോടും ഇത്തരം സഖ്യങ്ങളുടെ ഭാഗമാകണമെന്നും ഒബ്രിയാന്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ തുടങ്ങി വെച്ച ജാതി സെന്‍സസിന് തുരങ്കം വെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജാതി സെന്‍സസ് അനുവദിക്കുന്നില്ലെങ്കില്‍ സെന്‍സസ് തന്നെ ബഹിഷ്‌കരിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.
കര്‍ണാടകയില്‍ സാമൂഹ്യനീതി എന്ന ആശയം കൊല ചെയ്യപ്പെട്ടതായി എം.കെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്ത് സംവരണ നയങ്ങള്‍ക്ക് മേല്‍ ബി.ജെ.പി ഗവണ്‍മെന്റ് കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ സാമൂഹ്യനീതിക്ക് എതിരാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
‘സാമൂഹ്യനീതിയുടെ പേരില്‍ എന്താണ് കര്‍ണാടകയില്‍ നടന്നതെന്ന് നിങ്ങള്‍ക്ക് അറിവുണ്ടാകും. മുസ്‌ലിങ്ങളുടെ സംവരണം അവിടെ പിന്‍വലിച്ചിരിക്കുകയാണ്. അവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.
മുസ്‌ലിം വിഭാഗത്തിന് ലഭിച്ചിരുന്ന സംവരണം മറ്റ് രണ്ട് സമുദായങ്ങള്‍ക്ക് വിഭജിച്ചു നല്‍കി. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരെന്നും ചെയ്യാത്തവരെന്നും തിരിച്ച് സംവരണം നല്‍കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. വാസ്തവത്തില്‍ സാമൂഹ്യനീതി കര്‍ണാടകയില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു,’ സ്റ്റാലിന്‍ പറഞ്ഞു.
രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും രണ്ട് ശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും
സംവരണത്തിനൊപ്പം പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടിയും, എന്‍.സി.പിയും, ഭാരത് രാഷ്ട്ര സമിതിയും സമ്മേളനത്തിന്റെ ഭാഗമായി.
Content Highlights: The opposition is united in demanding the implementation of caste census