ന്യൂദല്‍ഹി: ഉപരാഷട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ രാജ്യസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ ആരോപിക്കുന്നതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം.
ഉപരാഷ്ട്രപതിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ധന്‍കറിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളിലുമായുള്ള എം.പിമാരില്‍ നിന്നും 70 പേരുടെ ഒപ്പുകള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം തങ്ങളുടെ എം.പിമാരില്‍ നിന്നും ഒപ്പ് ശേഖരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് നടപടിയെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, മറ്റ് ഇന്ത്യന്‍ ബ്ലോക്ക് ഘടകകക്ഷികള്‍ തുടങ്ങിയവര്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ജഗ്ദീപ് ധന്‍കര്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ തടസം സൃഷ്ടിക്കുന്നുവെന്നും നിര്‍ണായക വിഷയങ്ങളില്‍ സംവാദം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നുവെന്നും ഇന്ത്യാ സഖ്യം പറയുന്നുണ്ട്.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനായി എഴുന്നേല്‍ക്കുമ്പോള്‍ പാര്‍ലമെന്ററി കണ്‍വെന്‍ഷന്‍ നിര്‍ബന്ധമാക്കിയെന്നും പ്രസംഗങ്ങള്‍ തടസപ്പെടുത്തുവെന്നും മൈക്ക് ഓഫാക്കി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ആരോപിക്കുന്നു.
Content Highlight: The opposition is about to move a no-confidence motion against Vice President Jagdeep Dhankar in the Rajya Sabha