| Wednesday, 7th January 2015, 11:50 pm

പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാസികളെ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് പോസ്റ്റല്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പുകമ്മീഷനും ധാരണയായി. ഇതിനായി ജന പ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട സത്യവാങമൂലം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

വരുന്ന ബജറ്റ് സമ്മേളനത്തിലായിരിക്കും ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടിങ് കൊണ്ടുവരാനുള്ള നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഉണ്ടായേക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാസി വോട്ടുമായി ബന്ധപ്പെട്ട് ദുബായിലെ ഡോ. വി.പി.ഷംസീര്‍ നല്‍കിയ ഹര്‍ജി കോടതി 12നു പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ, അറ്റോണി ജനറല്‍ മുകുള്‍ രോത്തഗിയുമായി ചര്‍ച്ച നടത്തി.

ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പ്രവാസി വോട്ടര്‍ക്കു ലഭ്യമാക്കുകയും അത് വോട്ടു രേഖപ്പെടുത്തിയശേഷം തപാല്‍മാര്‍ഗം തിരികെയെത്തിക്കുന്നതുമാണ് ഇ-തപാല്‍ വോട്ട് രീതി. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒന്നോ രണ്ടോ മണ്ഡലത്തില്‍ നടപ്പാക്കിയശേഷം പോരായ്മകള്‍ പരിഹരിച്ച് എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കുമെന്നാണ് തീരുമാനം.

ഇതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്കും ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനം ലഭിക്കുകയും കേരളം പോലെ ലക്ഷക്കണക്കിന് ആളുകള്‍ വിദേശത്തു താമസിക്കുന്ന വരുള്ള സംസ്ഥാനങ്ങള്‍ക്ക് അത് ഏറെ പ്രയോജനകരമാവുകയും ചെയ്യും

We use cookies to give you the best possible experience. Learn more