| Monday, 25th July 2022, 3:24 pm

സംഘപരിവാറിനെ പ്രതിരോധിക്കേണ്ട ദിശാബോധം പ്രവര്‍ത്തകര്‍ക്കുണ്ട്; കോണ്‍ഗ്രസാണെന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായം പാര്‍ട്ടി ലൈനല്ല; തനിക്കെതിരായ പരാതിയില്‍ വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ. ജി.കെ. മധു തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് വി.ടി. ബല്‍റാം. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസും ട്രെയ്നിങ്ങും നല്‍കാന്‍ ചിന്തന്‍ ശിബിറില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പറഞ്ഞു.

കോഴിക്കോട് നടന്ന ചിന്തന്‍ ശിബിറില്‍ കൃത്യമായ നിര്‍ദേശം ഇതുസംബന്ധിച്ച് പുറത്തിറക്കും. ഇത്തരം വിഷയങ്ങളിലെ കോണ്‍ഗ്രസിന്റെ നിലപാട് അത് വ്യക്തമാക്കും. സംഘപരിവാര്‍ ആശയങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ ദിശാബോധം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ല. അത് അവരുടെ വ്യക്തിപരമായി കാഴ്ചപ്പാടാണ്. അങ്ങനെയുള്ള ആളുകളല്ല ശരിക്കും കോണ്‍ഗ്രിസിലുള്ളത്. കോണ്‍ഗ്രസിലുള്ളവര്‍ക്ക് കൃത്യമായ ദിശാബോധമുണ്ടെന്നും ബല്‍റാം പറഞ്ഞു.

ഇന്ത്യന്‍ മതേതരത്വം അടിസ്ഥാനപരമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സമരത്തിന്റെ ഭാഗമായാണ് ഇത്തരം ആശയങ്ങള്‍ ഇവിടെ വേരുറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആ ആശയങ്ങളെ വേരുറപ്പിക്കുന്നതിനുള്ള കൃത്യമായ പ്രചാരകരായി മാറാനും ആ ആശയങ്ങള്‍ സംഘപരിവാറിനാല്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുമുള്ള കര്‍മപോരാളികളായി പ്രവര്‍ത്തകരെ മാറ്റുക എന്നതാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ തൊട്ട് ബൂത്ത് തലത്തിലുള്ള നേതാക്കള്‍ക്ക് വരെ ഇത്തരം കാഴ്ചപ്പാടുണ്ടാക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. അതിനായി ഒരു സ്റ്റഡി ക്ലാസും അതിനൊരും സിലബസും ഉണ്ടാക്കുന്നുണ്ടെന്നും ബല്‍റാം വ്യക്തമാക്കി.

തന്റെ പോസ്റ്റ് സംബന്ധിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഈ നാട്ടിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഒരു ദൈവ സങ്കല്‍പ്പമുണ്ട്. അത് കാലങ്ങളായുള്ള അവരുടെ ആരാധനയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടാണ്. അത് അവരുടെ ആത്മവശ്വാസവുമായി ബന്ധപ്പെട്ടും മനസിന് സമാധാനം നല്‍കുന്നത് സംബന്ധിച്ചുമുള്ള കാഴ്ചപ്പാടാണ്. അത്തരം ദൈവരൂപങ്ങളൊക്കെ മാറിയിട്ട് സംഹാര സ്വഭാവമുള്ള മുഖഭാവത്തിലുള്ള പുതിയ ചില ചിത്രങ്ങള്‍ ആസൂത്രിതമായി പ്രചരിക്കപ്പെടുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമായാണ്.

ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഭക്തിയോടെയും അന്യമതസ്ഥരെ ആക്രമിക്കുമ്പോള്‍ അതിന് എരിവ് കയറ്റാനും ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ അതിലെ വാക്കുകളല്ല അത് പ്രയോഗിക്കപ്പെടുന്ന സാഹചര്യങ്ങളാണ് പ്രധാനമെന്നും ബല്‍റാം പറഞ്ഞു.

ഗാന്ധിയുടെ ഹുന്ദുമത വിശ്വാസത്തെയാണ് കോണ്‍ഗ്രസ് പിന്തുരടുന്നത്. എന്നാല്‍ ഗോഡ്‌സെയുടെ ഹിന്ദുത്വത്തെയാണ് സംഘപരിവാര്‍ പിന്തുടരുന്നത്. ആ ഒരു വ്യത്യാസം രണ്ടും തമ്മിലുണ്ട്. അത് പ്രവര്‍ത്തകരിലേക്ക് പാര്‍ട്ടി സംവിധാനങ്ങള്‍ വഴി തന്നെ എത്തിക്കുമെന്നും ബല്‍റാം പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അഡ്വ. ജി.കെ. മധുവാണ് ബല്‍റാമിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നത്.
മധുവിന്റെ പരാതിയില്‍ കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,’ എന്ന ചോദ്യമുന്നയിച്ചാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്ന കുപിതനായ ഹനുമാന്‍, ശ്രീരാമന്‍, ശിവന്‍ ഉള്‍പ്പെടെയുള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

അതേസമയം, ബല്‍റാമിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ നിലവിലുള്ള കെ.പി.സി.സി ഭാരവാഹികളില്‍ പലരും തന്നെ അഭിനന്ദിച്ചെന്ന് ജി.കെ. മധു അവകാശപ്പെട്ടിരുന്നു.

CONTENT HIGHLIGHTS: V.T. Balram respond In the complaint against him ,Activists have the orientation to defend the Sangh Parivar; The opinion of those who claim to be Congress is not the party line

We use cookies to give you the best possible experience. Learn more