ചൊവ്വാഴ്ച അബാ എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ അൽ നസർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
കളിയുടെ ആദ്യ മിനിട്ടിൽ തന്നെ സമി അൽ നജൈയിലൂടെ ഗോളടിക്ക് തുടക്കമിട്ട അൽ നസറിനായി അബ്ദുല്ല അൽ ഖൈബരി, മൊഹമ്മദ് മരാൻ എന്നിവരാണ് മറ്റ് ഗോളുകൾ സ്വന്തമാക്കിയത്.
എന്നാൽ മത്സരത്തിൽ തിളങ്ങാൻ സൂപ്പർ താരം റൊണാൾഡോക്ക് സാധിച്ചിരുന്നില്ല.
എതിർ ബോക്സിലേക്ക് കടന്ന് കയറി താരത്തിന് ഷോട്ടുതിർക്കാൻ കഴിഞ്ഞെങ്കിലും റോണോയുടെ രണ്ട് ഷോട്ടുകൾ ഓഫ് ടാർഗറ്റ് ആവുകയും, മൂന്ന് ഷോട്ടുകൾ ഗോൾ കീപ്പർ തടയുകയുമായിരുന്നു.
മത്സരം 87 മിനിട്ട് പിന്നിട്ടപ്പോൾ റൊണാൾഡോയെ പരിശീലകൻ സബ് ചെയ്യുകയും പകരം തലിസ്ക്കയെ ഇറക്കുകയും ചെയ്തു. ആ സമയത്തെ താരത്തിന്റെ നിരാശകലർന്ന പ്രതികരണം ഉയർത്തിപ്പിടിച്ചാണ് ഒരു വിഭാഗം ആരാധകർ റൊണാൾഡോക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
‘നിങ്ങൾക്കറിയുമോ? ലോകത്തിലാദ്യമായി അഞ്ച് വ്യത്യസ്ത ലീഗുകളിൽ ബെഞ്ചിലിരിക്കേണ്ടി വന്ന താരമാണ് റൊണാൾഡോ, ‘ഇത് ടെൻ ഹാഗിന്റെ റൊണാൾഡോക്കെതിരെയുള്ള അജണ്ടയുടെ ഭാഗമാണ്, ‘റൊണാൾഡോയെ ഓർക്കുമ്പോൾ പരിതാപവും തമാശയും ഒരേസമയം തോന്നുന്നു മുതലായ പോസ്റ്റുകളാണ് റൊണാൾഡോക്കെതിരെ ഒരു വിഭാഗം ആരാധകർ പോസ്റ്റ് ചെയ്തത്.
എന്നാൽ ഇതുവരേക്കും അൽ നസറിനായി എട്ട് ഗോളുകൾ സ്കോർ ചെയ്യാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.
റോണോക്ക് തിളങ്ങാൻ സാധിച്ചില്ലെങ്കിലും മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച അൽ നസർ പ്രോ ലീഗിൽ തങ്ങളുടെ ടേബിൾ ടോപ്പിലെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്.