| Wednesday, 5th August 2020, 12:21 pm

ഭൂമി പൂജയെ പിന്തുണയ്ക്കുന്നവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ജനദ്രോഹികളാണ്

ശ്രീജിത്ത് ദിവാകരന്‍

ബി.ജെ.പി പോസ്റ്ററുകളിലും സമ്മേളനങ്ങളിലും നരേന്ദ്രമോദിയുടെ മുഖം മാത്രമായി തീരുന്ന അടുത്ത കാലം വരെ സാധാരണയായി രണ്ട് ചിത്രങ്ങളാണ് അവര്‍ വയ്ക്കാറുള്ളത്. ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും. ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയുണ്ടാക്കുമ്പോള്‍ പ്രഥമ അധ്യക്ഷനായിത്തീര്‍ന്ന ശ്യാമപ്രസാദ് മുഖര്‍ജി ഇന്ത്യയില്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ അംഗമായിരുന്നു.

ഭിന്നാഭിപ്രായങ്ങളുള്ളവരെ കൂടി ചേര്‍ത്തായിരുന്നു നെഹ്‌റു ആദ്യ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. ശ്യാമപ്രസാദ് മുഖര്‍ജിയെ മാത്രമല്ല, ഗാന്ധിയുടെ രൂക്ഷവിമര്‍ശകനായിരുന്ന ഡോ.അംബേദ്കറേയും നെഹ്‌റുവിനെതിരായി കോണ്‍ഗ്രസിനകത്ത് പടനയിച്ചിരുന്ന സര്‍ദാര്‍ പട്ടേലിനേയും നെഹ്‌റു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിനെ അക്കാലത്ത് ഏറ്റവും രൂക്ഷമായി എതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും നെഹ്‌റു മന്ത്രസഭയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവര്‍ക്കൊപ്പം പി.സി.ജോഷിയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേനെ.

ഗാന്ധി വധത്തിന് ശേഷവും ആര്‍.എസ്.എസിന്റെ നിരോധനം നീക്കാന്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസിനകത്തെ ഒരു വിഭാഗമായിരുന്നു. വൈകാതെ നിരോധനം നീക്കി. നെഹ്‌റു വിദേശ പര്യടനത്തിന് പോയ സമയത്ത് ആര്‍.എസ്.എസ് അംഗങ്ങള്‍ക്കും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാമെന്ന് എ.ഐ.സി.സി പട്ടേലിന്റെ നേതൃത്വത്തില്‍ പ്രമേയം അംഗീകരിച്ചു. നെഹ്‌റു തിരികെ വന്ന ശേഷം ആദ്യം ചെയ്തത് ആ പ്രമേയം തിരുത്തിയ പ്രമേയം അംഗീകരിപ്പിക്കലായിരുന്നു.

തുടര്‍ന്നും പതിറ്റാണ്ടോളം നിശബ്ദവും സംഘടിതവുമായി ഹിന്ദുരാഷ്ട്രം എന്ന നിര്‍മ്മിതിക്കായി ആര്‍.എസ്.എസ് പണിയെടുത്തു. നുഴഞ്ഞ് കയറാന്‍ പറ്റിയ പ്രദേശങ്ങളിലൊക്കെ കയറി. ഇന്ത്യയിലെ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരായിരുന്നു അവരുടെ ആദ്യ അജണ്ട. നെഹ്‌റുവിനുണ്ടായിരുന്ന ജാഗ്രത തുടര്‍ന്ന് വന്ന ഒരു ഭരണാധികാരിക്കും ഉണ്ടായിരുന്നില്ല. ഗോഹത്യ നിരോധനം ആവശ്യപ്പെട്ട പ്രകടനം നയിച്ച സന്യാസിമാര്‍ക്ക് നേരെ വെടിവയ്ക്കാന്‍ ധൈര്യം കാണിച്ച ഇന്ദിര അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് സന്യാസിമാരിലും ജ്യോത്സ്യരിലും പൂര്‍ണ്ണവിശ്വാസമുള്ള ഒരു കശ്മീരി ബ്രാഹ്മിണ്‍ മാത്രമായി മാറി.

ബാബരി പള്ളിക്കുള്ളില്‍ ബാല രാമന്റെ പ്രതിമ ഒളിച്ച് കടത്തിയ സന്യാസിമാരുടെ പാരമ്പര്യം സംഘപരിവാറിനൊപ്പം കാത്തിരിക്കുകയായിരുന്നു. ഇന്ദിരയുടെ മരണശേഷം രാഷ്ട്രീയ ബോധ്യങ്ങള്‍ തീരെയില്ലാത്ത, നെഹ്‌റു പാരമ്പര്യം കൊണ്ട് മാത്രം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ കാലത്ത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചുവെന്ന് ആര്‍.എസ്.എസിന് ബോധ്യമായി. ഇന്ന് ബാബരി പള്ളിയിരുന്ന ഇടത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂടി ആശീര്‍വാദത്തോടെ രാമക്ഷേത്രം പണിയുമ്പോള്‍ ഒന്നാം ഹിന്ദുത്വ തരംഗത്തിന് താളം പിടിച്ച രാഷ്ട്രീയ തീരുമാനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അവരുടെതാണ് എന്ന് കൂടി ബോധ്യപ്പെടും.

ഉറച്ച വോട്ട് ബാങ്കായിരുന്ന രാജ്യത്തെ മുസ്ലീം ന്യുനപക്ഷത്തിന്റെ ദരിദ്രവും ദയനീയവും അരുക്കാക്കപ്പെട്ടതുമായ ജീവിതം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല എന്നത് മാത്രമല്ല, അവരെ ഇന്നാട്ടില്‍ പൗരത്വത്തിന്റെ പേരില്‍ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും മതേതരത്വമെന്ന ഈ ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയത്തെ ഇല്ലാതാക്കുന്നതില്‍ സംഘപരിവാറിന് തുണയാകുന്നതിലും ബാബ്രിപള്ളി തകര്‍ക്കുന്നതില്‍ ഹിന്ദുത്വയെ സഹായിച്ച കോണ്‍ഗ്രസ് ഭരണത്തിന്റെ പങ്കുണ്ട്. മറ്റ് പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. പക്ഷേ കോണ്‍ഗ്രസിന്റെ പങ്ക് നിസ്തുലമാണ്. ഏറ്റവും പ്രധാനപ്പെട്ടതും.

ഹൈന്ദവ രാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത് ഹൈന്ദവവോട്ടുകളെ നിരാകരിക്കാനാവില്ല എന്ന ദുര്‍ബലമായ വാദം കോണ്‍ഗ്രസിന് വേണ്ടി പലയിടത്തു നിന്നും ഉയരും. അതായിരുന്നു രാജീവ് ഗാന്ധിയുടേയും ന്യായം. എല്ലാവര്‍ക്കും അത് ന്യായമാണ്. മുസ്ലീം വോട്ടും വാങ്ങി ജയിച്ച് ഇരിക്കുന്ന അരവിന്ദ കെജ്രിവാള്‍ ഭൂമി പൂജയ്ക്ക് രാജ്യത്തിന് മുഴുവന്‍ അഭിനന്ദനം നേര്‍ന്നിട്ടുണ്ട്. ജയ് ശ്രീറാം, ജയ് ബജ്രംഗ്ബലി എന്ന് സംഘപരിവാറുകാരേക്കാളുച്ചത്തില്‍ അലറുന്നുമുണ്ട്.

നിങ്ങളെന്ത് ചെയ്തു എന്നത് മാത്രമല്ല, എന്തു ചെയ്യുന്നുവെന്നതും പ്രധാനമാണ്. ബാബരി പള്ളിയുടെ പൊളിക്കലിന് ശേഷമുള്ള ഇന്ത്യ വേറെയാണ്. തുടര്‍ന്ന് ഏതെങ്കിലും കാര്യത്തില്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍, അവരുടെ ആശയത്തെ പിന്‍പറ്റുന്നുണ്ടെങ്കില്‍ ഭീകരവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്ന- മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍.

ബാബ്രിപള്ളി പൊളിച്ച് അവിടെ ഇന്നാരംഭിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഒരോരുത്തരും ഈ നാടിനും അതിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ജനദ്രോഹികളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യദ്രോഹികളും. അതില്‍ ‘നിഷ്‌കളങ്കഭക്തരും’ ഉള്‍പ്പെടും. ഇവിടത്തെ ഇന്റലിജന്‍ഷ്യ എന്ന ബുദ്ധിജീവി വര്‍ഗ്ഗവും ഉള്‍പ്പെടും. ജേര്‍ണലിസ്റ്റുകള്‍ എന്ന പാദസേവകരും ഉള്‍പ്പെടും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more