| Sunday, 18th September 2022, 2:35 pm

ബമ്പര്‍ അടിച്ചത് തിരുവനന്തപുരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി TJ 750605 എന്ന ലോട്ടറി ടിക്കറ്റ് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ TG 270912 ഉം കരസ്ഥമാക്കി. ഒന്നാം സമ്മാനമായ 25 കോടി തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവോണം ബമ്പര്‍ വലിയ പിന്തുണയോടെ ജനം ഏറ്റെടുത്തെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത മന്ത്രി ആന്റണി രാജു, വി.കെ .പ്രശാന്ത് എം.എല്‍.എ എന്നിവരും ഗോര്‍ക്കി ഭവനിലെ ചടങ്ങിനെത്തി.

അതേസമയം, സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ എറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം അടിക്കുന്ന ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് കയ്യില്‍കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.

കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി.

ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.

തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. തൃശൂര്‍ ജില്ലയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ. തൃശൂര്‍ സബ്ഡിവിഷനില്‍ 5,56,400 ഉം ഗുരുവായൂരില്‍ 1,40,800 ഉം ഇരിങ്ങാലക്കുടയില്‍ 1,82,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.

ടിക്കറ്റ് നിരക്ക് 500 ആക്കി കൂട്ടിയിട്ടും ടിക്കറ്റ് വില്‍പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

ജൂലൈ 18 മുതലാണ് ബമ്പര്‍ ടിക്കറ്റിന്റെ വില്‍പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാകുക. അഞ്ച് ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒമ്പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

ഫ്‌ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബംബറെന്ന പ്രത്യേകത കൂടിയുണ്ട്. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.com ലാണ് ഫലം പ്രസിദ്ധീകരിക്കുക.

അതേസമയം, ഒന്നാം സമ്മാനമായി 10 കോടി രൂപ നല്‍കുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജ ബംപര്‍ നാളെ പുറത്തിറക്കും.

Content Highlight: The Onam Bumper first prize ticket was sold in Thiruvananthapuram

We use cookies to give you the best possible experience. Learn more