| Thursday, 9th August 2018, 10:46 pm

മഴ കനക്കുന്നതിനിടെ ആശങ്കയുയര്‍ത്തി പാലക്കാട്ടെ പഴയ കെട്ടിടങ്ങള്‍; അപകടാവസ്ഥയിലുള്ളത് 181 കെട്ടിടങ്ങള്‍

അശ്വിന്‍ രാജ്

പാലക്കാട്: മുമ്പെങ്ങുമില്ലാത്ത വിധം മഴ കനത്തു പെയ്യുകയാണ്. മഴയും വെള്ളപൊക്കത്തിനും പുറമെ പാലക്കാട്ടുകാരെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, പാലക്കാട് ടൗണിലെ അപകടാവസ്ഥയില്‍ ആയിരിക്കുന്ന നൂറ് കണക്കിന് കെട്ടിടങ്ങള്‍.

തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍

മുന്‍സിപ്പല്‍ ബസ്റ്റാന്റ് അടക്കം 181 കെട്ടിടങ്ങളാണ് പാലക്കാട് നഗരസഭയുടെ പരിധിയില്‍ ഉള്ളതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഗസ്റ്റ് 2ാം തിയ്യതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്നുനില കെട്ടിടം തകര്‍ന്നു വീണത്.

എട്ടു കടകളും ലോഡ്ജും മൂന്ന് ഓഫിസുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റ ഒരു ഭാഗമാണ് ഉച്ചയ്ക്ക് ഒന്നേകാലോടുകൂടി തകര്‍ന്നു വീണത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

നഗരസഭ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍

അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നിരുന്നെന്നും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുമ്പ് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. കെട്ടിടത്തിലെ മറ്റ് സ്ഥാപന ഉടമസ്ഥര്‍ തന്നെയാണ് പരാതി നല്‍കിയത്. തകര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വില്‍പ്പന സ്ഥാപനത്തിന്റെ ഉടമസ്ഥനായ സദ്ദാം ആണ് പൊലീസില്‍ പരാതി നല്‍കിയത്.

ആദ്യ ദിവസം പണി നടന്നപ്പോള്‍ തന്നെ നിര്‍മ്മാണങ്ങള്‍പാടില്ലെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ അവര് കേട്ടില്ല. പൊലീസില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പരാതി കൊടുത്തത് അത് കൊണ്ടാമെന്നുമാണ് സദ്ദാം ഡൂള്‍ന്യൂസിനോട് പറഞ്ഞത്

പഴയ കെട്ടിടങ്ങളില്‍ ഒന്ന്

12 പേര്‍ക്കാണ് അന്ന അപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് സ്ഥാപന ഉടമകളായ ആരിഫ്, മനാഫ്,സത്താര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള കെട്ടിടം വാടയ്കക്ക് കൊടുക്കകയും അനധികൃത നിര്‍മ്മാണം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.

അതേസമയം ആദ്യഘട്ടങ്ങളില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ മുകള്‍ ഭാഗം അനധികൃതമാണെന്ന് പറഞ്ഞിരുന്ന നഗരസഭ പിന്നീട് നിലപാട് മാറ്റിയതായും കെട്ടിടത്തിന് നമ്പറും പ്രവര്‍ത്തനാനുമതിയും ഉള്ളതായും പറയുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതു കൊണ്ട് തന്നെ കേസില്‍ നഗരസഭാ രേഖകള്‍ നിര്‍ണ്ണായക രേഖകളാകും എന്നുള്ളപ്പോഴാണ് നഗരസഭയുടെ പുതിയ നിലപാട്.

മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍റ് കെട്ടിടം

തുടര്‍ന്ന് നഗരസഭ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പാലക്കാട് നഗരസഭാ പരിധിയില്‍ 181 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് കണ്ടെത്തിയത്. പ്രധാന റോഡുകള്‍ക്ക് സമീപം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് ബലക്ഷയമുളളത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം

ഇതിനായി ബലക്ഷയം ബോധ്യപ്പെട്ട കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കി അടച്ചുപൂട്ടിയിരിക്കുകയാണ്. നോട്ടീസ് പ്രകാരം അറ്റകുറ്റപണി വേണ്ട കെട്ടിടങ്ങള്‍ക്ക് അത് പ്രത്യേമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റുകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ദുരന്തനിവാരണവിഭാഗവും അഗ്‌നിശമനസേനയും വ്യക്തമാക്കിയിട്ടുണ്ട്.

പൊളിച്ചുമാറ്റാന്‍ പോകുന്ന കെട്ടിടം

അശങ്കയോടെ വ്യാപാരികള്‍
നിലവില്‍ തകര്‍ന്ന കെട്ടിടത്തിലെ 48 കടമുറികളും നഗരസഭ ഒഴിപ്പിച്ച് സീല്‍ ചെയ്തിട്ടുണ്ട്. തകര്‍ന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് നഗരസഭ ലേലം ചെയ്തത്. ലേലത്തിന് മുമ്പ പൊലീസ് കാവലില്‍ വ്യാപാരികളുടെ വിലപ്പെട്ട വസ്തുക്കള്‍ എടുക്കാന്‍ നഗരസഭ സമയം അനുവദിച്ചിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി എന്ത് എന്നാശങ്കയിലാണ് തകര്‍ന്ന കെട്ടിടത്തിലെ വ്യാപാരികള്‍. നിലവില്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലെയും മന്‍ മാര്‍ക്കറ്റിലെയും വ്യാപാരികള്‍ക്ക് പകരം സംവിധാനം നഗരസഭ ഒരുക്കും എന്നാല്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒന്നും തന്നെയില്ലെന്നാണ് അടച്ചുപൂട്ടിയ കടയുടമകളില്‍ ഒരാളായ അനീഷ് ഡൂള്‍ന്യൂസിനോട് പറഞത്.

പ്രൈവറ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് മറ്റ് സഹായങ്ങള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാവുമെന്നും അനീഷ് പറയുന്നു.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more