തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഓഫീസ് ജീവനക്കാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും നടപടി സ്വീകിക്കാനും രജിസ്ട്രാറോട് ആവശ്യപ്പെടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സേവനങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയിലായത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എല്‍സി സി.ജെയാണ് അറസ്റ്റിലായത്.
സര്‍വകലാശാല ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടയൊണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയില്‍ നിന്ന് എല്‍സി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഒന്നരലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. അതില്‍ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വഴി വിദ്യാര്‍ഥി സിജെക്ക് കൈമാറിയിരുന്നു. ബാക്കി തുകയായ 15000 രൂപ ഓഫീസില്‍ വെച്ച് നേരിട്ട് വാങ്ങുന്നതിനിടെയാണ് എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
അതേസമയം, എം.ജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ എല്‍സിയും വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പരിശോധിച്ചതില്‍ നിന്നാണ് വിജിലന്‍സിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടെ ഫോണിലൂടെ പറയുന്നുണ്ട്.
സര്‍ട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതുള്‍പ്പടെയുള്ള ക്രമക്കേടുകള്‍ക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നല്‍കുന്നതായും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്. ക്രമക്കേട് നടന്ന എം.ബി.എ സെക്ഷനിലെ രേഖകള്‍ പരിശോധിക്കുന്ന സംഘം മറ്റ് ജീവനക്കാരേയും ചോദ്യം ചെയ്യും.
എല്‍സിയുടെ നിയമനത്തെ കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. താല്‍കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ച എല്‍സിക്ക് 2009ല്‍ പ്യൂണായി സ്ഥിരനിയമനം ലഭിച്ചു. ഏഴ് വര്‍ഷത്തിനകം തന്നെ അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.