| Thursday, 14th December 2023, 11:56 am

കുറ്റം തെളിയിക്കാനായില്ല; ഇടുക്കിയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കട്ടപ്പന: ഇടുക്കിയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി. ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായിരുന്ന അര്‍ജുനെ കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. ജഡ്ജ് വി. മഞ്ജുവാണ് വിധി പ്രസ്താവം നടത്തിയത്.

2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പിടിയിലാകുന്നത്. പീഡനത്തിനിടയില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ തെളിയുകയും ചെയ്തിരുന്നു.

അര്‍ജുന്‍ മൂന്ന് വയസ്സ് മുതല്‍ കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയം മുതലെടുത്തായിരുന്നു അതിക്രമമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ കൊലപാതകവും പീഡനവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്.

2021 സെപ്തംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകം, ബലാത്സഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കട്ടപ്പന അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. 48പേരെയാണ് കേസില്‍ സാക്ഷികളായി വിസ്തരിച്ചത്. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവുകളായി ഹാജരാക്കിയെങ്കിലും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.

content highlights: The offense could not be proved; The accused in the case of six-year-old girl being raped and killed in Idukki has been acquitted

We use cookies to give you the best possible experience. Learn more