Kerala News
സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി കന്യാസ്ത്രീ; മഠത്തില്‍ തുടര്‍ന്ന് നിയമപോരാട്ടം നയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 15, 08:03 am
Saturday, 15th January 2022, 1:33 pm

കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീ സ്വന്തം നിലയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

സേവ് അവര്‍ സിസ്റ്റേഴ്‌സ് കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്ന് അറിയിച്ചു. ഉന്നത കോടതികളില്‍ നിന്നും ഇരക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഠത്തില്‍ തുടര്‍ന്ന് തന്നെയാകും കന്യാസ്ത്രീയുടെ നിയമ പോരാട്ടം. ഇരയുടെ മൊഴിയില്‍ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കേസില്‍ കോടതി വിധി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ഉടന്‍ അപ്പീല്‍ നല്‍കണമെന്നും അഗസ്റ്റിന്‍ വട്ടോളി ആവശ്യപ്പെട്ടു.

അതിനിടെ, കേസില്‍ അതിവേഗം അപ്പീല്‍ നല്‍കാന്‍ പൊലീസും ഒരുങ്ങിയിരുന്നു. അടുത്ത ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഇരയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്ന് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോടതി വിധി വന്ന ശേഷം അതിജീവിതയെ കാണാന്‍ ചെന്നപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത് എന്നായിരുന്നു ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞത്.

‘ഇന്ന് അവരെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു.പക്ഷേ ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം അവര്‍ തന്നെ പറയുമെന്നാണ് ഞാന്‍ കരുതുന്നത്.

അത് മറ്റൊന്നുമല്ല അവര്‍ പുറത്തു വരാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ പൊതുജനങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു,’ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

അതിജീവിത തന്റെ പേരും മുഖവും പൊതുസമൂഹത്തോട് വെളിപ്പെടുത്തുമെന്നും അവര്‍ ചെയ്യുന്നത് ഒരു തുടക്കമാണെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി വ്യക്തമാക്കിയിരുന്നു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.