ഫുട്‌ബോള്‍ ലോകത്ത് എല്ലാക്കാലത്തുമുള്ള ചര്‍ച്ചകളിലൊന്നാണ് യൂറോപ്യന്‍ ഫുട്‌ബോളാണോ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളാണോ മികച്ചതെന്ന്. കളിശൈലികൊണ്ടും പാരമ്പര്യം കൊണ്ടും ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന് നിരവധി ആരാധകരുണ്ട്. എന്നാല്‍ ആധുനിക കാലത്തെ ഫുട്‌ബോളിന്റെ കരുത്ത് യൂറോപ്യന്‍ ശൈലിയാണെന്നാണ് മറുവാദം.
ഖത്തര്‍ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ദക്ഷിണ അമേരിക്കന്‍ ഫുട്ബോളിനേക്കാള്‍ യൂറോപ്യന്‍ ഫുട്ബോളാണ് കൂടുതല്‍ മികച്ചതെന്ന ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയുടെ പരാമര്‍ശവും ഈ ചര്‍ച്ചയെ കൂടുതല്‍ സജീവമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിന് ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നത്.
ദക്ഷിണ അമേരിക്കക്ക് യൂറോപ്പിലേത് പോലെ നിലവാരമില്ലെന്നും അവിടെ യൂറോപ്പിലേതുപോലെ ഫുട്‌ബോള്‍ അത്ര പുരോഗമിച്ചിട്ടില്ലെന്നുമായിരുന്നു എംബാപ്പെയുടെ വാക്കുകള്‍. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളില്‍ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും എംബാപ്പെ പറഞ്ഞിരുന്നു.
എന്നാല്‍ എംബാപ്പെയുടെ ഈ വാദങ്ങള്‍ തെറ്റാണെന്നുള്ള കണക്കുകളാണ് നിലവില്‍ മുന്നിലുള്ളത്. ഫിഫയുടെ നേതൃത്വത്തില്‍ നടക്കുന്ന പുരുഷ ലോകകപ്പല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ആധിപത്യം സമീപ കാലത്ത് കാണാനാകും. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയും ഈ മാസം നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ ഉറുഗ്വയുമാണ് ചാമ്പ്യന്മാര്‍.
ഇതുകൂടാതെ യൂറോപ്യന്‍ രാജ്യങ്ങളുമായി നേരിട്ട് മത്സരിച്ച 2020ലെ ഒളിമ്പിക് മെഡല്‍ ബ്രസീലിന് ലഭിച്ചപ്പോള്‍ 2022ല്‍ നടന്ന ഫൈനലിസിമയില്‍ അര്‍ജന്റീന ചാമ്പ്യന്മാരാകുകയും ചെയ്തു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് സമീപകാലത്ത് മികച്ച പ്രകടനമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ്.
Content Highlight: The numbers speak for whether Europeans football or Latin America football are better