| Monday, 23rd October 2023, 10:10 am

ജാമ്യത്തുകയും ജാമ്യം നില്‍ക്കാന്‍ ആളുമില്ല; ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാത്ത വിചാരണ തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജാമ്യത്തുക കണ്ടെത്താന്‍ കഴിയാത്തതിനാലും ജാമ്യം നില്‍ക്കാന്‍ ആളുകളെ ലഭിക്കാത്തതിനാലും ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലുകളില്‍ കഴിയേണ്ടി വരുന്ന വിചാരണ തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലും രാജ്യത്താകെയും ഇത്തരത്തിലുള്ള വിചാരണ തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍.

കേരളത്തില്‍ മാത്രം 95 പേര്‍ ഇത്തരത്തില്‍ തടവറകളില്‍ തന്നെ തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പലര്‍ക്കും ജാമ്യത്തുക കെട്ടിവെക്കാനോ ജാമ്യം നില്‍ക്കാന്‍ ആളുകള്‍ തയ്യാറാകാത്തതോ ആണ് മോചനത്തിന് തടസ്സമായത്. സംസ്ഥാന ജയില്‍ വകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം 21 വരെ 9889 പേരാണ് വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ 1403 പേര്‍ വിചാരണത്തടവുകാരാണ്.

രാജ്യത്താകെ 37,220 പേരാണ് ഇത്തരത്തില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാതെ ജയിലില്‍ തുടരുന്നത്. ഇടക്കാല ജാമ്യം ലഭിച്ചവരാണ് ഇവരില്‍ ഭൂരിഭാഗം ആളുകളും. ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടവരെ പോലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചതോടെയാണ് ദേശീയ തലത്തില്‍ ഈ എണ്ണം ഇത്രത്തോളം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വിചാര തടവുകാരായോ, റിമാന്റില്‍ കഴിയുന്നവരോ ആയ വ്യക്തികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ സുപ്രീം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി തന്നെ രൂപീകരിച്ച ഹൈപവര്‍ കമ്മറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഈ വ്യക്തികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇങ്ങനെ ജാമ്യം ലഭിച്ചവരാണ് ദേശീയ തലത്തില്‍ ജാമ്യം ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയും ജാമ്യം നില്‍ക്കാന്‍ ആളെ കിട്ടാത്തതും കാരണം തടവറകളില്‍ തന്നെ തുടരുന്നവരില്‍ വലിയൊരു വിഭാഗം.

എന്നാല്‍ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മുമ്പ് ശിക്ഷിക്കപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, ഇതര സംസ്ഥാനക്കാര്‍ എന്നിവര്‍ക്ക് സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ജാമ്യം ലഭിച്ചിരുന്നുമില്ല.

ഇത്തരത്തില്‍ ജാമ്യം ലഭിച്ചിട്ടും വിവിധ പ്രതിസന്ധികള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ മോചനത്തിന് വേണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റി കോടതികളെ സമീപിക്കാനൊരുങ്ങുകയാണ്. ഇങ്ങനെ തടവറകളില്‍ തന്നെ തുടരുന്നവരുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തുകയും സ്വന്തം ബോണ്ടില്‍ തന്നെ അവരെ വിട്ടയക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അതത് കോടതികളെ സമീപിക്കാനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ തീരുമാനം. പാരാലീഗല്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ തടവുകാരുടെ ബന്ധുക്കളെ കണ്ട് ജാമ്യം നില്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുമെന്നും അതോറിറ്റി അറിയിക്കുന്നു.

content highlights; The number of undertrial prisoners who have been granted bail and cannot be released is increasing

Latest Stories

We use cookies to give you the best possible experience. Learn more