കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് നസീറ നീലോത്ത് എന്ന മാദ്ധ്യമ പ്രവര്‍ത്തക തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ (ലൈംഗികത്തൊഴിലാളികള്‍ എന്ന് വിളിക്കുമെങ്കിലും ഇതിനെ തൊഴിലെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല; കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച്….)പറയുന്ന ചില കാര്യങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്താന്‍ വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്.
കേരളത്തില്‍ സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്നാണ് നസീറ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.
കേരളത്തിലെ ലൈംഗിക തൊഴിലാളികള്‍ എവിടെയെല്ലാമാണുള്ളതെന്നും എത്രപേരാണുള്ളതെന്നും എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലെ കണക്കുകളില്‍ വസ്തുതാപരമായ ചില പ്രശ്‌നങ്ങളുണ്ട്.
അതുപോലെ തന്നെ ഡോ. ജയശ്രീ അടക്കമുള്ളവരുടെ പേരുകള്‍ ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഞങ്ങളുടെ ഇടയില്‍ നിന്നും മുന്നോട്ടുവന്ന് ശക്തമായരീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടുള്ള പലരെയും പരാമര്‍ശിക്കാന്‍ നസീറ വിട്ടുപോയിരിക്കുന്നു.
കേരളത്തില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറയുന്നു എന്ന് പൊതുസമൂഹവും മാദ്ധ്യമങ്ങളും ഈവിധം പറയുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളി എന്ന നിലയില്‍ ചിലത് പറയാതിരിക്കാന്‍ എനിക്ക് നിര്‍വാഹമില്ല. ലൈംഗിക തൊഴിലാളികളെയും ലൈംഗിക തൊഴിലിനെയും നമ്മുടെ സദാചാരബോധങ്ങള്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഞങ്ങളുടെ ചരിത്രത്തെ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍.
കേരളത്തില്‍ ഇപ്പോഴും ചിലയിടങ്ങളിലെല്ലാം ബ്രോതലുകള്‍ അഥവാ കമ്പനിവീടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പരസ്യമായിട്ടല്ല എന്നു മാത്രം. പബ്ലിക് അല്ലാത്തതൊന്നും നിലനില്‍ക്കുന്നില്ല എന്നതല്ലല്ലോ അതിനര്‍ത്ഥം.
1995 വരെ വളരെ പരസ്യമായിത്തന്നെയാണ് ബ്രോതലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറയുന്നു എന്നതോ ബ്രോതലുകള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നതോ കേരളത്തിലെ ലൈംഗികാവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടൂ എന്നതിന് തെളിവായി കണക്കാക്കാനാവില്ല.
മറിച്ച് നമ്മുടെ സദാചാരബോധങ്ങള്‍ക്കും പൊതുസമൂഹവും മാദ്ധ്യമങ്ങളും കല്‍പ്പിക്കുന്ന അതിര്‍വരമ്പുകള്‍ക്കപ്പുറത്താണ് ലൈംഗിക തൊഴില്‍ എന്നതാണ് വിഷയം. ഇത്തരം ഒരു സംവിധാനം ഇല്ല എന്നോ, ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നോ പറയുന്നതുകൊണ്ട് മാത്രം ഇല്ലാതാകുന്നതല്ല ഈ തൊഴിലും തൊഴിലിടങ്ങളും.
ഔദ്യോഗിക കണക്കുകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥത്തില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം. പ്രത്യക്ഷമായി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ കണക്ക് മാത്രമേ ഈ കണക്കെടുപ്പുകളില്‍ ഉള്‍പ്പെടുകയുള്ളൂ. എണ്ണം കുറഞ്ഞുവരുന്നു എന്ന ഈ കണക്ക് കേരളം ശുദ്ധീകരിക്കപ്പെടുന്നു എന്നതിന് ഉദാഹരണമായി നിങ്ങള്‍ പറയുകയാണെങ്കില്‍ ഞാന്‍ നിങ്ങളോട് വിയോജിക്കുന്നു.
ശുദ്ധി, അശുദ്ധി എന്നീ രണ്ട് കോളങ്ങളിലേക്ക് മാത്രം ലൈംഗികതയേയും ലൈംഗിക ബോധങ്ങളെയും ഒതുക്കുന്നതുകൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്.
എച്ച്.ഐ.വി സുരക്ഷാ കാമ്പയിനുകളും മാദ്ധ്യമങ്ങളുടെ അന്വേഷണങ്ങളുമെല്ലാം നിരന്തരമായി ലൈംഗിക തൊഴിലാളികളെ വേട്ടയാടാന്‍ തുടങ്ങിയതോടെയാണ് അവര്‍ പൊതു ഇടങ്ങളില്‍ നിന്നും മറവിടങ്ങളിലേക്ക് മാറിയത്. വര്‍ദ്ധിച്ചുവരുന്ന സദാചാര ഗുണ്ടായിസവും മറ്റൊരു കാരണമാണ്.
ഇങ്ങനെ പലവിധ കാരണങ്ങളാല്‍ ലൈംഗിക തൊഴിലാളികള്‍ പൊതു ഇടങ്ങളില്‍ നിന്നും പിന്തിരിഞ്ഞു പോവുകയാണുണ്ടായത്. എന്നാല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ വളരെ സജീവമായി നിലനിന്നിരുന്ന ഒരു ചരിത്രം കേരളത്തിനുണ്ട്. നിയമവിധേയമായല്ലെങ്കിലും പരസ്യമായി നിരവധി ബ്രോതലുകള്‍ ഒരുകാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയുടെ ചരിത്രമെടുക്കുമ്പോള്‍ കല്‍ക്കത്ത, മുംബൈ, ദില്ലി, ഒറീസ, ആന്ധപ്രദേശ് തുടങ്ങിയ ഒരുപാട് സ്ഥലങ്ങളില്‍ അന്നും ഇന്നും ബ്രോതലുകള്‍ സജീവം തന്നെയാണ്. കേരളത്തിലും കല്ലായി, കൂറ്റനാട്, വാവ്വന്നൂര്‍, കൊപ്പം തുടങ്ങിയ പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍ ബ്രോതലുകളുണ്ടായിരുന്നു.
ഒരുകൂട്ടം ലൈംഗിക തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ബംഗ്ലാദേശ് കോളനി (കോഴിക്കോട്) പോലെയുള്ള ഏരിയകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. 2006 വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഈ ബ്രോതലുകളെക്കുറിച്ച് മാദ്ധ്യമങ്ങളും എഴുത്തുകാരും കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്.
2006ന് ശേഷമുള്ള ഒരു കാലത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം. പക്ഷെ, 2006 വരെയുള്ള കാലത്തെക്കുറിച്ചും ലൈംഗിക തൊഴിലാളികളുടെ ചരിത്രത്തെക്കുറിച്ചും നിങ്ങള്‍ എന്തിനാണ് മൗനം പാലിക്കുന്നത്?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ