ന്യൂദല്‍ഹി: ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ്. 2011 മുതലുള്ള കാലയളവില്‍ 16 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.പി അബ്ദുല്‍ ഖാലിഖിന്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യസഭയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2011ല്‍ 1,22,819 പേരും 2012ല്‍ 1,20,923 പേരും 2013ല്‍ 1,31,405 പേരും 2014ല്‍ 1,29,328 പേരും പൗരത്വം ഉപേക്ഷിച്ചു. 2015ല്‍ 1,31,489 പേരും 2016ല്‍ 1,33,049 പേരും 2017ല്‍ 1,33,049 പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞു. 2018ല്‍ 1,34,561 പേരും 2019ല്‍ 1,44,017 പേരും 2020ല്‍ 85,256 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റു നാടുകളിലേക്ക് ചേക്കേറി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഇന്ത്യന്‍ പൗരന്മാരാണ് യു.എ.ഇ പൗരത്വം സ്വീകരിച്ചത്. യു.എ.ഇ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 135 ഓളം രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് കമ്പനികള്‍ പിരിച്ചു വിട്ട ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സംസാരിച്ചു.
പ്രശ്‌നത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ഇവരില്‍ ഒരു നിശ്ചിത ശതമാനം എച്ച്-1 ബി, എല്‍-1 വിസയിലുള്ള ഇന്ത്യന്‍ പൗരന്മാരാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ടി പോലുള്ള പ്രൊഫഷണല്‍ മേഖലകളിലെ തൊഴിലാളികളുടെ നീക്കവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നിരന്തരം ഇടപെടുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പൗരര്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ കൊണ്ടാണെന്ന പ്രതിഷേധം രാജ്യത്തുടനീളം നടക്കുന്നുണ്ട്.