ഗുജറാത്തില്‍ ക്ഷയരോഗികളേക്കാള്‍ കൂടുതല്‍ എച്ച്.ഐ.വി രോഗബാധിതരെന്ന് സര്‍ക്കാര്‍ കണക്കുകള്‍. സംസ്ഥാനത്ത് 82,662 പേര്‍ക്കാണ് ക്ഷയരോഗമുള്ളതെങ്കില്‍ 1,20,886 പേരാണ് എച്ച്.ഐ.വി രോഗബാധിതരായിട്ടുള്ളവര്‍.
സംസ്ഥാനത്ത് ക്ഷയരോഗികളേക്കാള്‍ എച്ച്.ഐ.വി ബാധിതരുണ്ടെന്ന് നീതി ആയോഗ് കണക്കുകളും പറയുന്നു. ലക്ഷത്തില്‍ 224 പേര്‍ രോഗബാധിതരാണ്. ഈ പട്ടികയില്‍ ഗുജറാത്തിന് മുമ്പിലുള്ള ഏക സംസ്ഥാനം ഹിമാചല്‍പ്രദേശാണ്. ലക്ഷത്തില്‍ 226പേര്‍ എന്നാണ് ഹിമാചലിലെ കണക്ക്.
അഹമ്മദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി രോഗബാധിതരുള്ളത്. 22,877പേരാണ് ഇവിടെയുള്ളത്. മോര്‍ബി ജില്ലയിലാണ് ഏറ്റവും കുറവ്. 729 രോഗബാധിതരാണ് ഇവിടെയുള്ളത്.
അഹമ്മദാബാദില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളതും. 12,970 രോഗികളാണ് ഇവിടെയുള്ളത്. സൂറത്ത് ജില്ലയില്‍ 9106 രോഗികളാണുള്ളത്. ദാംഗ് ജില്ലയിലാണ് ഏറ്റവും കുറവ് ക്ഷയരോഗികളുള്ളത്. 271 രോഗികള്‍.
സര്‍ക്കാര്‍ ആശുപത്രികളിലും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലും ചികിത്സ നേടിയവരുടെ കണക്കുകളാണ് സര്‍ക്കാരിന്റെ കയ്യിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നേടിയവര്‍ വേറെയും ഉണ്ട്. ഇവരുടെ കൂടി കണക്കെടുത്താല്‍ എയ്ഡ്‌സ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കുമെന്ന് ഗുജറാത്ത് സ്‌റ്റേറ്റ് നെറ്റ്‌വര്‍ക്ക് ഓപ് പോസിറ്റീവ് പീപ്പിള്‍ സെക്രട്ടറി ദക്ഷാ പട്ടേല്‍ പറഞ്ഞു.