വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ; വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി
Kerala News
വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ; വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 4:05 pm

തിരുവനന്തപുരം: വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്.

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.

” 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളത്.

ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്,” മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂവെന്നും അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുതെന്നും വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: The number of covid cases from homes is increasing, says the Health Minister