പത്താം നമ്പർ ജേഴ്സിക്കാരുടെ സ്വന്തം ഗോൾഡൻ ബോൾ
DSport
പത്താം നമ്പർ ജേഴ്സിക്കാരുടെ സ്വന്തം ഗോൾഡൻ ബോൾ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 11:53 am

 

ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തറിന്റെ മണ്ണിൽ ആവേശകരമായ രീതിയിൽ പൂർത്തിയാകുമ്പോൾ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് അർജന്റീന.

നീണ്ട 36കൊല്ലം കാത്തിരുന്ന് നേടിയ ലോക കിരീടം എന്നതിനൊപ്പം മെസിക്കൊരു ലോകകിരീടം സ്വന്തമാക്കാനായി എന്നതും അർജന്റൈൻ ആരാധകരുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നുണ്ട്. കൂടാതെ ഖത്തറിൽ അസാമാന്യ പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതോടെ മികച്ച പ്രകടനം നടത്തുന്ന താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി സ്വന്തമാക്കി.

ഇതോടെ രണ്ട് ഗോൾഡൻ ബോൾ പുരസ്കാരം നേടുന്ന ആദ്യ താരം എന്ന റെക്കോർഡും മെസി കരസ്ഥമാക്കി.
അതേസമയം ലോകകപ്പ് സംബന്ധമായ രസകരമായ ഒരു ചർച്ച ഈയിടെയായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തിന് നൽകുന്ന ഗോൾഡൻ ബോൾ പുരസ്കാരവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത ചർച്ച ഉയർന്ന് വരുന്നത്.

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ഏറ്റുവാങ്ങിയവരും പത്താം നമ്പർ ജേഴ്സിക്കാരാണെന്നതാണ് രസകരമായ ആ കാര്യം.

2006 മുതൽ 2010 വരെയുള്ള ലോകകപ്പുകളിൽ പത്താം നമ്പർ ജേഴ്സിക്കാർക്ക് മാത്രമാണ് ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.

2006ലെ ജർമൻ ലോകകപ്പിൽ ഫ്രഞ്ച് ഇതിഹാസ താരം സിനദിൻ സിദാനാണ് മികച്ച പ്രകടനത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കിയത്. മൂന്ന് ഗോളുകൾ നേടി ഫ്രാൻസിനെ ഫൈനലിലെക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് സിദാൻ വഹിച്ചത്.

പത്താം നമ്പർ ജേഴ്സി അണിഞ്ഞായിരുന്നു താരം കളിച്ചിരുന്നത്. ഫൈനലിൽ എത്തിയെങ്കിലും ഇറ്റലിയോട് തോറ്റ് മടങ്ങാനായിരുന്നു ജർമൻ ലോകകപ്പിൽ ഫ്രഞ്ച് പടയുടെ വിധി.

2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ഉറുഗ്വേയുടെ ഡീഗോ ഫോർലാനാണ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ഏറ്റുവാങ്ങിയത്. സ്പെയ്ൻ ജേതാക്കളായ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്താൻ ഉറുഗ്വേക്ക് സാധിച്ചിരുന്നു. അഞ്ച് ഗോളുകളാണ് ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ നിന്നും താരം കരസ്ഥമാക്കിയത്.

മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും സെമി ഫൈനലിൽ നെതർലൻഡ്സിനെതിരെ പതറിപ്പോയതാണ് ഉറുഗ്വേക്ക് തിരിച്ചടിയായത്.
2010ൽ ബ്രസീലിൽ വെച്ച് നടത്തപ്പെട്ട ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം കരസ്ഥമാക്കിയത് സാക്ഷാൽ ലയണൽ മെസിയായിരുന്നു.

അർജന്റീനയെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മെസി നാല് ഗോളുകളാണ് അർജന്റീനക്കായി സ്കോർ ചെയ്തത്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ജർമനിയാണ് ബ്രസീൽ ലോകകപ്പിൽ ജേതാക്കളായത്.

2018ലെ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ചാണ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാര ജേതാവായിരുന്നത്.

ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ ക്രൊയേഷ്യയെ ഫൈനലിലേക്ക് കടത്താൻ മികച്ച പ്രകടനം തന്നെയാണ് മോഡ്രിച്ച് പുറത്തെടുത്തിരുന്നത്. രണ്ട് ഗോളുകൾ ക്രൊയേഷ്യക്കായി നേടിയ മോഡ്രിച്ച് ക്രൊയേഷ്യൻ മധ്യ നിരയെ അടക്കി വാണതോടെയാണ് ടീമിന്റെ ഫൈനലിലേക്കുള്ള ജൈത്രയാത്രക്ക് അരങ്ങൊരുങ്ങിയത്.

2022 ഖത്തർ ലോകകപ്പിൽ ലോകകിരീടത്തിലേക്ക് അർജന്റീനയെ നയിച്ച മെസി തന്നെയാണ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് രണ്ടാം തവണയും കരസ്ഥമാക്കിയത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമുൾപ്പെടെ മെസിയുടെ മികച്ച പ്രകടനമാണ് 2022ൽ അർജന്റീനയെ തങ്ങളുടെ മൂന്നാം ലോകകിരീടത്തിലേക്ക് നയിച്ചത്.

അതേസമയം കഴിഞ്ഞ അഞ്ച് ലോകകപ്പിൽ നിന്നും പത്താം നമ്പർ ജേഴ്സിക്കാർക്കാണ് ഗോൾഡൻ ബോൾ അവാർഡ് ലഭിക്കുന്നതെങ്കിലും അവരിൽ രണ്ട് പേർക്ക് മാത്രമേ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. മെസിയും, സിദാനുമാണ് ആ രണ്ട് താരങ്ങൾ.

 

Content Highlights:The number 10 jersey’s own Golden Ball