മറയൂര്‍: കള്ളന്‍മാരെ ഭയന്ന് രാജ്യത്തെ ഏറ്റവും വലിയ ചന്ദന മരം വെട്ടിമാറ്റി. സ്ഥലമുടമ സോമന്റെ ആവശ്യപ്രകാരമാണ് 150 വര്‍ഷം പഴക്കമുള്ള 1.5 കോടിയോളം വിലമതിക്കുന്ന മരം ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയത്.
കള്ളന്‍മാര്‍ നിരന്തരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സോമന്‍ 2021ല്‍ മറയൂര്‍ ഡി.എഫ്.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പട്ടയഭൂമിയായതിനാല്‍ അപേക്ഷ ദേവികുളം സബ് കളക്ടര്‍ക്ക് കൈമാറി. പിന്നീട് അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
വീണ്ടും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കള്ളന്മാര്‍ മരത്തിന്റെ ശിഖരം മുറിച്ച് കടത്തുകയായിരുന്നു. അതിന് പിന്നാലെയാണ് വനം വകുപ്പെത്തി മരം മുറിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
എന്നാല്‍ ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയായതിനാല്‍ മരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് ഡി.എഫ്.ഒ എ.ജി. വിനോദ് കുമാര്‍ പറഞ്ഞു.
‘സ്വകാര്യ ഭൂമിയില്‍ ഉടമസ്ഥന്‍ നട്ട് പിടിപ്പിച്ചുള്ള മരങ്ങള്‍ക്കാണ് ഉടമസ്ഥാവകാശം ലഭിക്കുന്നത്. ഇത് പട്ടയം ലഭിച്ച ഭൂമിയായത് കൊണ്ടും പട്ടയം ലഭിക്കുന്ന സമയത്ത് തന്നെ മരം ഈ സ്ഥലത്ത് നിലനിന്നിരുന്നതുകൊണ്ടും മരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന്റേതാണ്,’ ഡി.എഫ്.ഒ പറഞ്ഞു.