തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, തുരങ്കപ്പാത നിര്‍മാണം, തീരരോശണം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചതായി മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുമൊത്തുള്ള നോര്‍വെ യാത്രയുടെ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ മേഖലകളിലുള്ള വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി എന്‍.ജി.ഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേയുടെ തുരങ്കപ്പാത നിര്‍മാണത്തില്‍ ഇവരുടെ സഹകരണമുണ്ട്. ഏഴ് കിലോമീറ്റര്‍ അടിയിലെ പാറയുടെ സ്വഭാവത്തെ മനസിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. വയനാട്ടിലെ തുരങ്കപ്പാതയുടെ നിര്‍മ്മാണത്തില്‍ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതായും രാജീവ് അറിയിച്ചു.