അബുദാബി: യു.എ.ഇയില്‍ അമുസ്‌ലിം വ്യക്തിനിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിയമം നടപ്പില്‍വരുന്നതോടെ മുസ്‌ലിം ഇതര സമുദായത്തില്‍പെട്ടവരുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സാമ്പത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകള്‍ യു.എ.ഇ കോടതികളില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കും.
ഇസ്‌ലാമിക നിയമത്തില്‍ ബാധകമായ വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ വിവാഹ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തീര്‍പ്പാക്കാന്‍ നിയമം ഉപകാരപ്പെടും. വിദേശികളെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഫെഡറല്‍ വ്യക്തിനിയമം നടപ്പാക്കുക. യു.എ.ഇയില്‍ താമസക്കാരായ മലയാളികള്‍ക്കടക്കം നിയമം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
അബൂദാബി എമിറേറ്റില്‍ 2021 മുതല്‍ ഈ നിയമം നടപ്പില്‍വരുത്തിയിരുന്നു. ബുധനാഴ്ച മുതല്‍ ഇത് രാജ്യത്തിന്റെ ഫെഡറല്‍ നിയമനാകും. മാതൃരാജ്യത്തെ നിയമമനുസരിച്ച് വ്യക്തിപരമായ കാര്യങ്ങളില്‍ തീര്‍പ്പിലെത്താനും ഫെഡറല്‍ നിയമം അനുവാദമുണ്ട്. രാജ്യം അംഗീകരിച്ച മറ്റ് നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും വ്യക്തി, കുടുംബ കാര്യങ്ങളില്‍ തീര്‍പ്പിലെത്താന്‍ കഴിയും.