കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍.ഐ.എ-തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോണോബ്രത ജനയുടെ പങ്കാളിയുടെ പേരില്‍ എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 2022ല്‍ ബംഗാളിലെ ഭൂപതിനഗറില്‍ നടന്ന സ്ഫോടനക്കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ ആക്രമിച്ചെന്നാരോപിച്ചാണ് കേസ്.
കഴിഞ്ഞ ദിവസമാണ് 2022ല്‍ ഭൂപതിനഗര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വേണ്ടി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ പരിശോധനക്കെത്തുന്നത്. എന്നാല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ എന്‍.ഐ.എ സംഘത്തെ തടയുകയായിരുന്നു.
തുടര്‍ന്ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളില്‍ ചിലര്‍ ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ളവ ആരോപിച്ച് രംഗത്തെത്തുകയും സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. നിയമത്തില്‍ അനാസ്ഥ കാണിക്കുന്ന നിയമപാലകര്‍ക്കെതിരെയുള്ള ജനക്കൂട്ടത്തിന്റെ ആക്രമണം സാധാരണയായി കണ്ടാല്‍ മതിയെന്നും മമത നേരത്തെ പറഞ്ഞിരുന്നു.