| Wednesday, 12th July 2023, 12:13 pm

കൈവെട്ട് കേസില്‍ ആറ് പേര്‍ കൂടി കുറ്റക്കാര്‍; ആജ്ഞ നടപ്പിലാക്കിയവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ടി.ജെ. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി. കേസിലെ രണ്ടാം ഘട്ട വിധിയാണിത്. ശിക്ഷാ വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റിവെച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കുന്ന സവാദ് ഉള്‍പ്പെടെ പതിനൊന്നുപ്രതികളുടെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതില്‍ സാജന്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്ദീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിലെ അഞ്ച് പ്രതികളെ വെറുതെവിട്ടു. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെയാണ് വെറുതെവിട്ടത്. കേസിലെ ശരിയായ പ്രതികള്‍ പുറത്താണെന്നും ആജ്ഞ നടപ്പാക്കിയവര്‍ മാത്രമാണ് ശിക്ഷിപ്പെട്ടിട്ടുള്ളതെന്നും ആജ്ഞ കല്‍പ്പിച്ചവര്‍ കേസിന് പുറത്താണെന്നും സംഭവത്തിലെ ഇരയായ പി.ജെ. ജോസഫ് പ്രതികരിച്ചു.

‘പ്രാകൃതമായ വിശ്വാസങ്ങളെയാണ് ഉന്മൂലനം ചെയ്യേണ്ടത്. ആക്രമിച്ചവര്‍ ആയുധങ്ങള്‍ മാത്രം, തീരുമാനമെടുത്തവര്‍ ഇപ്പോഴും കാണാമറയത്താണ്,’ പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു.

വധശ്രമവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞു. കേസില്‍ ഭീകരപ്രവര്‍ത്തനം നടന്നെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി നാളെ മുന്നുമണിക്ക് വരും.

ചോദ്യ പേപ്പര്‍ വിവാദത്തെത്തുടര്‍ന്നാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ. ജോസഫിന്റെ കൈവെട്ടിയത്.

2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയത്.

Content Highlight: The NIA court passed the second phase verdict in the hand amputation case in Muvatupuzha

Latest Stories

We use cookies to give you the best possible experience. Learn more