Kerala
അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണം; അങ്ങിനെ സംഭവിച്ചാല്‍ അവരെ ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുന്നത് പഠിപ്പിക്കുമെന്നും പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 25, 03:06 am
Monday, 25th September 2017, 8:36 am

കണ്ണൂര്‍: വരുന്ന ജന്മത്തില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ.

അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച കെ.പി.എ.സി ലളിത കലാകാരന്മാരെ അവഹേളിച്ചിരിക്കുകയാണെന്ന് നാടകലോകം


കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

“പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്തെത്തിയിരുന്നു. #AdimaGopi ട്രെന്‍ഡും സോഷ്യല്‍ മീഡിയയില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.