ന്യൂദല്‍ഹി: താന്‍ രാജിവെച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് ലക്ഷ്യമിടുക പിണറായി വിജയനെയും മമതാ ബാനര്‍ജിയെയും ആയിരിക്കുണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താന്‍ എത്ര നാള്‍ ജയിലില്‍ കിടക്കണമെന്ന് തീരുമാനിക്കുന്നത് മോദിയാണെന്നും അത് കൊണ്ട് തന്നെ ജയിലില്‍ നിന്നും പുറത്ത് വരുന്ന കാര്യം എന്നാണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.
തന്നെ തൂക്കിക്കൊന്നാലും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. തന്നെയും തന്റെ പാര്‍ട്ടിയെയും ഇല്ലാതാക്കാനാണ് സ്വാതി മലിവാള്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നാല് എ.എ.പി നേതാക്കളെ തടവിലാക്കിയത്. എന്നാല്‍ എ.എ.പി രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി ഒരു ആശയമാണ്. അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ വളരും’ കെജ്‌രിവാൾ പറഞ്ഞു.
കെജ്‌രിവാളെന്ന വ്യക്തിയെ തടവിലാക്കിയാല്‍ രാജ്യത്ത് പിന്നെ ആരെയും തടവിലാക്കാമെന്ന സന്ദേശമാണ് ബി.ജെ.പി നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പിയുടെ എല്ലാ ആഗ്രഹങ്ങളും നടക്കാന്‍ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ ഏകാധിപതികളുടേതാണ്. അവരെ ഭയക്കേണ്ടതുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കാതിരുന്നാല്‍ അത് നമ്മളെ തകര്‍ക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.
‘ജയിലിലേക്ക് മടങ്ങാന്‍ ഭയമില്ല. ജയിലില്‍ പോകുന്നത് എന്റെ രാജ്യത്തെ സംരക്ഷിക്കാനാണ്. ഇതൊരു സ്വാതന്ത്ര്യസമരം പോലെയാണ്. ജയിലിലുള്ള സദാ സമയവും തന്റെ സെല്‍ ബി.ജെ.പിയും മോദിയും നിരീക്ഷിക്കുകയായിരുന്നു’ കെജ്‌രിവാൾ പറഞ്ഞു.
ബി.ജെ.പി എന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാൾ സൂചിപ്പിച്ചു. മോദിയുടെ പിന്‍ഗാമിയായി അമിത് ഷാ വരും. എന്നാല്‍ അമിത് ഷായെ പിന്‍ഗാമിയാക്കുന്നതില്‍ അവര്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ പിണറായി വിജയന്‍, മമത ബാനര്‍ജി, തേജസ്വി യാദവ്, സ്റ്റാലിന്‍ തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളും ജയിലിലാകുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
Content Highlight: The next aim of Modi is to arrest opposition leaders