കൊവിഡ് സാഹചര്യത്തെ സര്‍ഗാത്മകമായി ഉപയോഗിച്ച ചിത്രം; 'ജോജി'യെ അഭിനന്ദിച്ച് അമേരിക്കന്‍ മാഗസിന്‍
Movie Day
കൊവിഡ് സാഹചര്യത്തെ സര്‍ഗാത്മകമായി ഉപയോഗിച്ച ചിത്രം; 'ജോജി'യെ അഭിനന്ദിച്ച് അമേരിക്കന്‍ മാഗസിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd June 2021, 3:21 pm

കൊച്ചി: ദിലീഷ് പോത്തന്‍ ചിത്രം ജോജിയ്ക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ ദി ന്യൂയോര്‍ക്കര്‍. കൊവിഡ് സാഹചര്യത്തെ അതിസൂഷ്മമായി കഥയോടൊപ്പം കൂട്ടിയിണക്കിയ ചിത്രമാണ് ജോജിയെന്ന് മാഗസിന്‍ പറയുന്നു.

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി മാഗസിനിലെഴുതിയ നിരൂപണത്തിലാണ് ജോജിയെക്കുറിച്ചുള്ള പരാമര്‍ശം. അതോടൊപ്പം ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനേയും ലേഖനത്തില്‍ അഭിനന്ദിക്കുന്നുണ്ട്.

ദിലീഷിന്റെ സാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.

അപ്പന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ജോജിയോട് ഒരു മാസ്‌ക് ധരിച്ച് വരാന്‍ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ ബിന്‍സി ആവശ്യപ്പെടുന്നുണ്ട്. ഈ രംഗം കൊവിഡ് സാഹചര്യത്തെ വളരെ സര്‍ഗാത്മകമായി ചിത്രം ഉപയോഗിച്ചുവെന്നതിന് ഉദാഹരണമാണെന്നും മാഗസിന്‍ ലേഖനത്തില്‍ പറയുന്നു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയും അതിഗംഭീരമായിരിക്കുന്നുവെന്നും വളരെ പ്രായോഗികമായ അവതരണമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The Newyorker Praises Joji Movie