[share]
[] ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അറിവില്ലാതെ ദല്‍ഹി ലക്ഷ്യമാക്കി സൈന്യം നീങ്ങിയിരുന്നെന്ന വാര്‍ത്തക്ക് സ്ഥിരീകരണം.
ജനറല്‍ വി.കെ സിങ് കരസേന മേധാവിയായിരിക്കെ കരസേന യൂണിറ്റുകള്‍ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നെന്ന് അന്ന് ഡി.ജി.എം.ഒ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ എ.കെ ചൗധരി സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
പ്രതിരോധ സെക്രട്ടറിയായ ശശികാന്ത് ശര്‍മ്മ ഫോണില്‍ വിളിച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സൈന്യത്തിനും സര്‍ക്കാരിനും ഇടയില്‍ വന്ന ആശയക്കുഴപ്പമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2012 ജനുവരിയില്‍ ഹരിയാനയിലെ ഹിസാറില്‍നിന്നും യു.പിയിലെ ആഗ്രയില്‍നിന്നും ദല്‍ഹി ലക്ഷ്യമാക്കി രണ്ടു സൈനിക യൂണിറ്റുകള്‍ നീങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ വാര്‍ത്തയാണ് മുന്‍ ഡി.ജി.എം.ഒയുടെ വെളിപ്പെടുത്തലോടെ രണ്ടുവര്‍ഷത്തിനു ശേഷം പുറത്തുവന്നിരിക്കുന്നത്.
റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധമാണെന്ന് പ്രതിരോധ മന്ത്രി അന്ന് പറഞ്ഞിരുന്നു.
പ്രായ വിവാദത്തെചൊല്ലി ജനറല്‍ വി.കെ സിങും സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ച സമയത്തായിരുന്നു സൈന്യം നീങ്ങിയെന്ന വാര്‍ത്ത വന്നത്. ഇത് സൈനിക അട്ടിമറി ലക്ഷ്യമിട്ടായിരുന്നെന്നും അന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
സംഭവ ദിവസം പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ ഫോണില്‍ വിളിച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതായും ചൗധരി പറഞ്ഞു. എന്നാല്‍ സൈനിക പരിശീനലത്തിന്റെ ഭാഗമാണ് സൈന്യം നീങ്ങിയതെന്ന് എ.കെ ആന്റണി പ്രതികരിച്ചു.