| Wednesday, 3rd April 2024, 7:19 pm

മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വ്യാജം; റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മിസ് യൂണിവേഴ്സ് മത്സരത്തില്‍ ആദ്യമായി സൗദി അറേബ്യ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വ്യാജം. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സൗദി മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

സൗദി മോഡലായ റൂമി അല്‍ഖഹ്താനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്.


സൗദി ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന രീതിയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപുറമെ റൂമിയുടെ പ്രഖ്യാപനത്തോടെ മുന്‍ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച ലുജെയ്ന്‍ യാക്കൂബിന്റെ പാത പിന്തുടരുകയാണ് സൗദിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി മോഡലിനെ പങ്കെടുപ്പിക്കുന്നതിനായുള്ള നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ വ്യാജമാണെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. നടക്കാനിരിക്കുന്ന മത്സരത്തില്‍ 100ലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നും അതില്‍ സൗദി ഉള്‍പ്പെടുന്നില്ലെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.

ഏതെല്ലാം രാജ്യങ്ങളില്‍ മത്സരത്തിനുള്ള ട്രയല്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് അപ്രൂവല്‍ സമിതിയാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സെലക്ഷന്‍ നടപടികള്‍ കടുപ്പമേറിയതാണെന്നും കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നതെന്നും മിസ് യൂണിവേഴ്സ് സംഘാടകര്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരം സെപ്റ്റംബര്‍ 18ന് മെക്‌സിക്കോയില്‍ നടക്കും. ഇത്തവണ മിസ് യൂണിവേഴ്സ് ഇറാന്റെ അരങ്ങേറ്റത്തിന് സാക്ഷിയാകും.

Content Highlight: The news that Saudi will participate in the Miss Universe pageant is false

We use cookies to give you the best possible experience. Learn more