|

ഞാന്‍ രാജി വെക്കുമെന്ന വാര്‍ത്ത തെറ്റ്, കേന്ദ്ര സഹമന്ത്രിയായി തുടരും: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രിസ്ഥാനത്ത് തുടരുമെന്ന വിശദീകരണവുമായി സുരേഷ് ഗോപി. സഹ മന്ത്രിസ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മന്ത്രി സ്ഥാനത്ത് തുടരുമെന്ന വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത് വന്നത്. എക്‌സിലാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

‘മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് ഞാന്‍ രാജിവെക്കാന്‍ പോകുന്നു എന്ന തെറ്റായ വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

മന്ത്രിയാകുന്നതിനെ ചുറ്റി പറ്റി നിരവധി അഭ്യൂഹങ്ങള്‍ ഇന്നലെ തൊട്ടേ വന്നിരുന്നു. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് മന്ത്രിസ്ഥാനം തടസമാണെന്നുമായിരുന്നു സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു .

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് ബി.ജെ.പി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നത്. അതിനാല്‍ തന്നെ മന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്ന സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവനന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുനിന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോദിയുടെ നിർദേശത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്കായി ദല്‍ഹിയിലേക്ക് തിരിച്ചത്.

Content Highlight; The news that I will resign is false: Suresh Gopi