| Saturday, 17th June 2023, 5:28 pm

എട്ട് മുസ്‌ലിം പെണ്‍കുട്ടികളെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ട് മുസ്‌ലിം പെണ്‍കുട്ടികളെ റെയില്‍വേ പൊലീസ് (ആര്‍.പി.എഫ്), സര്‍ക്കാര്‍ റെയില്‍വേ പൊലീസ് (ജി.ആര്‍.പി) ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജം. 13 മുതല്‍ 17 വരെ വയസുള്ള ബാലവേലക്കിരയായ എട്ട് മുസ്‌ലിം പെണ്‍കുട്ടികളെ ആര്‍.പിഎഫ്, ജി.ആര്‍.പി, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് (എ.എച്ച്.ടി.യു) എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ജൂണ്‍ 12നാണ് വാര്‍ത്തയായ സംഭവം നടന്നത് നടക്കുന്നത്.

എന്നാല്‍ ആര്‍.പി.എഫ്, ജി.ആര്‍.പി ഉദ്യോഗസ്ഥര്‍ കാരണമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്‌തെന്ന തെറ്റായ വാര്‍ത്ത സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പിന്നീട് പ്രാദേശിക വാര്‍ത്താ സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു.

ഖമ്മത്തിലെ തെലങ്കാന നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ (ടി.എന്‍.ജി.ഒ) ഫങ്ഷന്‍ ഹാളില്‍ ഭക്ഷണം വിളമ്പാന്‍ കുട്ടികളെ രണ്ട് പേര്‍ കടത്തികൊണ്ടു പോയി മടങ്ങുന്ന വഴി ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നുവെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.

എ.എച്ച്.ടി.യുവും, ബച്പന്‍ ബച്ചാവോ ആന്തോളനും (ബി.ബി.എ), ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും റെയില്‍വേ സ്റ്റേഷനില്‍ നീണ്ട മാസത്തെ പരിശോധനയിലായിരുന്നുവെന്ന് ഹൈദരാബാദ് ശിശു സംരക്ഷണ ഓഫീസര്‍ എം. ശ്രീനിവാസ് ന്യൂസ് മിനുറ്റിനോട് പറഞ്ഞു.

തിങ്കളാഴ്ച പകല്‍ 11.30ന് പെണ്‍കുട്ടികളെ കൊണ്ടുപോയ ഖദീജ ബീഗം(36), മഹ്മുദ് ജലീല്‍(40) എന്നിവരെ സംശയം തോന്നി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെന്നും ശ്രീനിവാസ് പറഞ്ഞു. നിലവില്‍ ഇരുവരും ഒളിവിലാണ്.

ചോദ്യം ചെയ്യലില്‍ പ്രായപൂര്‍ത്തിയാകാത്തൊരാള്‍ ജോലി കഴിഞ്ഞ് മടങ്ങുകയാണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെടുകയും കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്ലൂ.സി)കൈമാറുകയുമായിരുന്നു തുടര്‍ന്ന് നിംബോലിയാഡയിലെ സര്‍ക്കാര്‍ ഗേള്‍സ് ഹോമിലേക്ക് പെണ്‍കുട്ടികളെ മാറ്റുകയും ചെയ്തു.

തന്റെ കുട്ടിയെ ബാലവേലക്ക് കൊണ്ടുപോയെന്ന് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവ് പറഞ്ഞതായും ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെയും സി.ഡബ്ല്യൂ.സിയുടെയും ഇടപെടലിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചില പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് ലീഡര്‍ അംജദുള്ള ഖാന്റെ അടുത്ത് പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിന്‍ ടിക്കറ്റുകളും ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടും, ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിച്ചിട്ടും തങ്ങളെ കുട്ടികളെ ബലമായി പിടികൂടി അംബര്‍പോട്ടിലെ ജുവനൈല്‍ വെല്‍ഫെയര്‍ ആന്റ് കറക്ഷണല്‍ സെന്ററില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം.

അതേസമയം 1986ലെ ബാലവേല നിയമം അനുസരിച്ച 14 വയസിന് മുകളിലുള്ള കുട്ടികളെ മാതാപിതാക്കളുടെ കൂടെ വിട്ടിട്ടുണ്ട്. ബാക്കിയുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കളോടൊപ്പം കൗണ്‍സിലിങ്ങിന് വിധേയമാക്കിയിട്ടുണ്ട്.

കുട്ടികളുടെ മാതാക്കള്‍ വിധവകളാണെന്നും അതുകൊണ്ടാണ് അവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതെന്നും സി.ഡബ്ലൂ.സി. ചെയര്‍പേഴ്‌സണ്‍ ശൈലജ ഗോണ്‍ബയാല പറഞ്ഞു.

‘മൂന്ന് പെണ്‍കുട്ടികളുടെ മാതാക്കള്‍ വിധവകളാണ്. അതുകൊണ്ടാണ് അവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായത്. ബാലവേലക്കെതിരെ സി.ഡബ്ല്യൂ.സി കൗണ്‍സിലിങ്ങ് നല്‍കിയിട്ടുണ്ട്. അവരുടെ അമ്മമാര്‍ക്ക് തൊഴിലിനും തൊഴില്‍ പരിശീലനത്തിനുമായി സൊസൈറ്റി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് പെണ്‍കുട്ടികളെ പൂര്‍ണമായും അമ്മമാര്‍ക്ക് വിട്ടുകൊടുത്തത്,’ അവര്‍ പറഞ്ഞു.

സെഷന്‍ 370 (ട്രാഫിക്കിങ്), 374 (നിയമവിരുദ്ധമായ നിര്‍ബന്ധിത തൊഴില്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

content highlights: The news that eight Muslim scholars were arrested by RPF personnel is false

We use cookies to give you the best possible experience. Learn more