ന്യൂദല്‍ഹി: മുസ്‌ലിം യുവാവ് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന വാര്‍ത്ത നല്‍കിയ സുദര്‍ശന്‍ ന്യൂസ് ഉള്‍പ്പെടുള്ള മാധ്യമങ്ങളോട് വാര്‍ത്ത പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കി ദല്‍ഹി ഹൈക്കോടതി. യൂട്യൂബ്, ഗൂഗിള്‍, ട്വീറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങളോടും വാര്‍ത്ത പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സുദര്‍ശന്‍ ടി.വിയുടെ ചെയര്‍മാന്‍ സുരേഷ് ചവാങ്കെ, ഒറീസ ടി.വി, ഭാരത് പ്രകാശന്‍ എന്നീ മാധ്യമങ്ങള്‍ക്കാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.
യുവാവായ അസ്മദ് അലി ഖാന്റെ പരാതിയില്‍ ജസ്റ്റിസ് പ്രതിഭ എം. സിങ്ങാണ് ഉത്തരവിട്ടത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദല്‍ഹി സ്വദേശിനി ഏപ്രില്‍ 19ന് അസ്മദ് അലി ഖാനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസ്മദ് കോടതിയെ സമീപിക്കുകയായിരുന്നു.
അസ്മദിനെതിരെയുള്ള കേസ് ദല്‍ഹി പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വാര്‍ത്തകള്‍ പ്രചരിക്കുന്നത് സ്വതന്ത്രമായ അന്വേഷണത്തെയും അയാളുടെ സുരക്ഷയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ ഇതുവരെയുള്ള നടപടികള്‍ ഹാജരാക്കാന്‍ ദല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷനിലെ (എന്‍.ബി.ഡി.എ) അംഗങ്ങള്‍ അല്ലെന്ന് എന്‍.ബി.ഡി.എക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. വാര്‍ത്താ ലിങ്കുകള്‍ അടക്കം അസ്മദ് അയച്ച മെയില്‍ പരിശാധിക്കുമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അറിയിച്ചു.
content highlight: The news of a Muslim youth being forced to convert; Delhi High Court issued a notice to the media