| Wednesday, 13th October 2021, 4:49 pm

കാണാന്‍ ശ്രീലങ്കയുടെ ജഴ്‌സി പോലെയുണ്ട്; ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയ്ക്ക് വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി: ഒക്ടോബര്‍ 17ന് തുടങ്ങാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി മണിക്കൂറുകള്‍ക്കു മുമ്പേ ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിരുന്നു.

ഓറഞ്ച് നിറത്തിലുള്ള ഔട്ട്ലൈന്‍ വരകളോടു കൂടിയ കടുംനീല നിറത്തിലുള്ള പുതിയ ജഴ്‌സിയുടെ ചിത്രമായിരുന്നു പുറത്തുവിട്ടത്. ‘ബില്യണ്‍ ചിയേഴ്‌സ് ജഴ്‌സി’ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

ഇപ്പോള്‍ ജഴ്‌സിയെ പ്രകീര്‍ത്തിച്ചും എതിര്‍പ്പ് പ്രകടിപ്പിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ജഴ്‌സി ശ്രീലങ്കന്‍ ടീമിന്റേത് പോലുണ്ട് കാണാന്‍ എന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.

ഇതിനകം തന്നെ പുറത്തിറങ്ങിയ മറ്റു ടീമുകളുടെ ജഴ്‌സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നല്ലെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു. ഐ.പി.എല്ലിലെ ദല്‍ഹി ക്യാപിറ്റല്‍സിന്റേതു പോലുണ്ട് ജഴ്‌സി എന്നും ചിലര്‍ പറയുന്നു.

കഴിഞ്ഞ ഐ.സി.സി ടൂര്‍ണമെന്റുകളിലുണ്ടായിരുന്ന പോലത്തെ ആകാശനീല നിറത്തിലുള്ള ജഴ്‌സിയല്ലാത്തതും ചില ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം വലിയൊരു വിഭാഗം ആരാധകര്‍ പുതിയ ഡിസൈനിലുള്ള ജഴ്‌സിയില്‍ തൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്.

നേരത്തേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ പുതിയ ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സി പുറത്തിറക്കിയത്.

പ്രധാന സ്പോണ്‍സര്‍മാരായ ബൈജൂസും എം.പി.എലും ജഴ്സിയിലുണ്ട്. ശ്രീലങ്ക, നമീബിയ എന്നീ ടീമുകള്‍ ഇതിനോടകം അവരുടെ പുതിയ ജഴ്സി പുറത്തിറക്കിയിട്ടുണ്ട്.

ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇയിലും ഒമാനിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും.

നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The newly released Indian cricket team jersey for T-20 world cup invites criticism too

We use cookies to give you the best possible experience. Learn more