വാഷിങ്ടണ്‍: ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ തടയുന്നതിനായി അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.
യു.എസും യു.കെയും സംയുക്തമായി യെമനില്‍ നടത്തിയ ആക്രമണങ്ങള്‍ ഹൂത്തികളുടെ ഡ്രോണുകളടക്കമുള്ള ആയുധങ്ങളും മിസൈല്‍ സൈറ്റുകളൂം നശിപ്പിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അതിവേഗത്തില്‍ യു.എസിനെതിരെ തിരിച്ചടിക്കാനുള്ള 70 മുതല്‍ 80 ശതമാനം വരെയുള്ള സൈനിക ശേഷി ഹൂത്തികള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം ഹൂത്തികളുടെ ഭൂരിഭാഗം സൈറ്റുകളിലും ആക്രമണം നടത്തിയെങ്കിലും അവരുടെ ആസ്തിയുടെ 25 ശതമാനം മാത്രമാണ് നശിപ്പിക്കപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്നു.
ഹൂത്തികളുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നടത്തിയ ആക്രമണത്തില്‍ ഹൂത്തി വിമതര്‍ താത്കാലികമായി മൗനം പാലിക്കുകയാണെങ്കിലും അമേരിക്ക ഒരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ യെമനില്‍ യു.എസും യു.കെയും നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസിലെ എം.പിമാര്‍ രംഗത്തെത്തി. ഈ വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്നും എം.പിമാര്‍ പറഞ്ഞു. യെമനിലെ ആക്രമണത്തിനായി ബൈഡന്‍ നിയമനിര്‍മാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം യെമനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതില്‍ അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഹൂത്തി വിമതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൂത്തികള്‍ ശക്തമായി മടങ്ങി വരുമെന്നും പറഞ്ഞിരുന്നു.
Content Highlight: The New York Times says that the US destroyed only 25 percent of the Houthis’ military capabilities