| Thursday, 15th February 2024, 10:02 am

ഫലസ്തീനികളെ നാടുകടത്തുന്നതില്‍ ഇളവ് പ്രഖ്യാപിക്കാന്‍ ശ്രമിച്ച് ജോ ബൈഡന്‍: ന്യൂയോര്‍ക്ക് ടൈംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്നുള്ള ഫലസ്തീനികളെ നാടുകടത്തുന്നതില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇളവ് വരുത്താന്‍ ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ്. അടുത്ത 18 മാസത്തേക്ക് യു.എസിലെ ഫലസ്തീനികള്‍ക്ക് രാജ്യത്ത് തന്നെ തുടരാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്ന ഒരു മെമ്മോ പുറപ്പെടുവിക്കാന്‍ ബൈഡന്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ഡിഫെര്‍ഡ് എന്‍ഫോഴ്സ്ഡ് ഡിപാര്‍ച്ചര്‍ എന്ന ഇമിഗ്രേഷന്‍ പ്രോഗ്രാമിന് കീഴില്‍ 6,000 ഫലസ്തീനികള്‍ ഇളവിന് അര്‍ഹരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഫലസ്തീനില്‍ താമസിക്കാന്‍ കഴിയാത്തതിനാല്‍ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ തുടരാനും നിയമപരമായി പ്രവര്‍ത്തിക്കാനും ഈ മെമ്മോ അനുവാദം നല്‍കുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ഗസയിലെ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനാല്‍ അമേരിക്കയില്‍ നിലവിലുള്ള ഫലസ്തീനികളെ നാടുകടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെമ്മോയില്‍ ബൈഡന്‍ പറഞ്ഞു.

അതേസമയം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും ഫലസ്തീനികളെയോ പൊതു സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് കരുതുന്നവരും നാടുകടത്തലില്‍ നിന്ന് സംരക്ഷിക്കപ്പെടില്ലെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബൈഡന്റെ നീക്കത്തെ ഏതാനും അറബ്-അമേരിക്കന്‍ അഭിഭാഷകര്‍ സ്വാഗതം ചെയ്‌തെങ്കിലും വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് വോട്ട് ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

ഫലസ്തീനികളെ നാടുകടത്തുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ അമേരിക്കന്‍-അറബ് വിവേചന വിരുദ്ധ സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബെദ് അയൂബ് പ്രസംശിക്കുകയുണ്ടായി.

ഏതാനും കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും അമേരിക്കയിലെ ഫലസ്തീനികളെ സംരക്ഷിക്കാന്‍ ഒരു വഴി കണ്ടെത്തണമെന്ന് യു.എസ് സെനറ്റിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതിന് യു.എസിലെ നാല് ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ സാമ്പത്തിക, യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: The New York Times Says Joe Biden Is Trying to Ease the Decision on Deporting Palestinians from America

We use cookies to give you the best possible experience. Learn more