| Thursday, 8th December 2022, 8:42 am

ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകര്‍ സമരത്തില്‍; 24 മണിക്കൂര്‍ പണിമുടക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസില്‍ (The New York Times) മാധ്യമപ്രവര്‍ത്തകരുടെ തൊഴിലാളിസമരം. 24 മണിക്കൂര്‍ നേരത്തേക്ക് ന്യൂസ്‌റൂം പണിമുടക്കിക്കൊണ്ടാണ് സമരം.

ഡിസംബര്‍ എട്ടിനാണ് പത്രത്തിലെ നൂറുകണക്കിന് വരുന്ന മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് 24 മണിക്കൂര്‍ വാക്കൗട്ട് നടത്തുന്നത്. 40 വര്‍ഷത്തിനിടെ പത്രത്തില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സമരമാണിത്.

വേതന വര്‍ധനവും കരാര്‍ പുതുക്കുന്നതുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.

2021 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചതു മുതല്‍ പുതിയ കരാറിന് വേണ്ടി തങ്ങള്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റുമായി വിലപേശുകയാണെന്നും എന്നാല്‍ മടുത്തുവെന്നുമാണ് ന്യൂസ്റൂം ജീവനക്കാരും യു.എസിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴിലാളി സംഘടനയായ ന്യൂസ്ഗില്‍ഡ് ഓഫ് ന്യൂയോര്‍ക്കിലെ (The NewsGuild of New York) മറ്റ് അംഗങ്ങളും പ്രതികരിച്ചത്.

ഇരുവിഭാഗവും (തൊഴിലാളികളും ന്യൂയോര്‍ക്ക് ടൈംസ് മാനേജ്‌മെന്റും) തമ്മില്‍ സമവായത്തിലെത്തി കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ന്യൂയോര്‍ക്ക് ടൈംസിലെ 1,100ലധികം ജീവനക്കാര്‍ വ്യാഴാഴ്ച 24 മണിക്കൂര്‍ പണിമുടക്കുമെന്ന് യൂണിയന്‍ കഴിഞ്ഞയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇത് സംബന്ധിച്ച് 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ വേതന വര്‍ധനവും തൊഴില്‍ നയങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ ധാരണയിലെത്തിയില്ല.

”സാമ്പത്തികമടക്കമുള്ള നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും വലിയ വിടവുണ്ട്,” ന്യൂയോര്‍ക്ക് ടൈംസിലെ ഫിനാന്‍സ് റിപ്പോര്‍ട്ടറും യൂണിയന്‍ പ്രതിനിധിയുമായ സ്റ്റേസി കൗലി പറഞ്ഞു.

രണ്ട് വര്‍ഷത്തോളമായി സ്ഥാപനത്തിന്റെ മാനേജ്മെന്റ് വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും 2022ന്റെ അവസാനത്തോടെയെങ്കിലും ‘ഒരു ന്യായമായ കരാറില്‍’ എത്തിച്ചേരേണ്ടതുണ്ടെന്നും 1,000ലധികം ജീവനക്കാര്‍ ഒപ്പിട്ട ഒരു കത്തില്‍ ന്യൂസ് ഗില്‍ഡ് വ്യക്തമാക്കി.

തൊഴിലാളിസമരം പത്രത്തിന്റെ കവറേജിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

ഡിജിറ്റല്‍ പേപ്പറിനായുള്ള ബ്രേക്കിങ് ന്യൂസ് കവര്‍ ചെയ്യുന്ന ലൈവ് ന്യൂസ് ഡെസ്‌കിലെ അംഗങ്ങളും സമരത്തെ പിന്തുണക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. ടൈംസ് സ്‌ക്വയറിന് സമീപത്തുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ ഓഫീസുകള്‍ക്ക് പുറത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രതിഷേധറാലി നടത്താനും സമരം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിട്ടുണ്ട്.

അതേസമയം യൂണിയനില്‍ അംഗങ്ങളല്ലാത്ത മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാരെയും ആശ്രയിച്ചുകൊണ്ട് സമരത്തിന്റെ ദിവസവും വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മുന്നോട്ട് പോകാനുള്ള കൃത്യവും ശക്തവുമായ പദ്ധതി കമ്പനിക്കുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് വക്താവ് ഡാനിയേല്‍ റോഡ്സ് ഹാ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Content Highlight: The New York Times is facing 24 hour walkout by hundreds of journalists and other employees

We use cookies to give you the best possible experience. Learn more