ഗസയെ അറവുശാലയാക്കണമെന്ന പോസ്റ്റിന് ലൈക്ക് ചെയ്ത് ഫ്രീലാന്‍സര്‍; അന്വേഷണം പ്രഖ്യാപിച്ച് ന്യൂയോര്‍ക് ടൈംസ്
World News
ഗസയെ അറവുശാലയാക്കണമെന്ന പോസ്റ്റിന് ലൈക്ക് ചെയ്ത് ഫ്രീലാന്‍സര്‍; അന്വേഷണം പ്രഖ്യാപിച്ച് ന്യൂയോര്‍ക് ടൈംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th February 2024, 8:45 am

ന്യൂ യോര്‍ക്: ഗസയിലെ വംശഹത്യയെ അനുകൂലിക്കുന്ന പോസ്റ്റിന് ലൈക്കടിച്ച തങ്ങളുടെ ഫ്രീലാന്‍സര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ന്യൂ യോര്‍ക് ടൈംസ്. കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച പോസ്റ്റിനാണ് ഇയാള്‍ ലൈക്കടിച്ചത്.

ഇതിന് പുറമെ ഗസയെ ഒരു അറവുശാലയാക്കി മാറ്റണം എന്നാവശ്യപ്പെടുന്ന പോസ്റ്റിലും ഇയാള്‍ ലൈക്ക് നല്‍കിയിട്ടുണ്ട്. ഇസ്രഈലിന്റെ അധിനിവേശം ഗസ മുനമ്പില്‍ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് ഇയാളുടെ ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

‘ഇസ്രഈലില്‍ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു ഫ്രീലാന്‍സര്‍ ഇത്തരത്തിലുള്ള നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ലൈക്ക് നല്‍കിയത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആ ‘ലൈക്കുകളെ’ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത് കമ്പനി പോളിസികളുടെ പൂര്‍ണമായ ലംഘനമാണ്. ഞങ്ങള്‍ നിലവില്‍ വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,’ ന്യൂ യോര്‍ക് ടൈംസ് വക്താവ് ഡിനയല്‍ റൂഡ്‌സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഗസയില്‍ സംഭവങ്ങള്‍ രൂക്ഷമായി തന്നെ തുടരുകയാണ്. സഹായമെത്തിക്കാന്‍ യു.എന്‍ ഏജന്‍സികളടക്കം സന്നദ്ധമാണെങ്കിലും അതിര്‍ത്തി കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഇസ്രഈല്‍ അധിനിവേശ നഗരങ്ങളിലെ 2.2 ദശലക്ഷം ആളുകള്‍ക്ക് നല്‍കുന്നതിനായി ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്ന് വലിയ രീതിയില്‍ ഭക്ഷ്യ സഹായം ലഭ്യമായിട്ടുണ്ടെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു. എന്നാല്‍ ഈ ഭക്ഷ്യ സഹായം ഗസയിലേക്ക് കൈമാറുന്നതിന് നേതൃത്വം നല്‍കുന്ന തങ്ങളുടെ ജീവനക്കാര്‍ ഫലസ്തീന്‍ അതിര്‍ത്തികളില്‍ സുരക്ഷിതരായിരിക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഡബ്ല്യു.എഫ്.പിയുടെ എമര്‍ജന്‍സി ഡയറക്ടര്‍ സമീര്‍ അബ്ദുല്‍ജാബര്‍ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി താത്കാലികമായി ഗസയിലേക്കുള്ള ഭക്ഷ്യ സഹായം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഫലസ്തീന്‍ പൗരന്മാരുടെ അവസ്ഥ ദാരുണമായ സാഹചര്യത്തിലേക്ക് മാറുന്നതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയെന്നും ഏജന്‍സി അറിയിച്ചു.

നിലവില്‍ ഗസയുടെ വടക്കന്‍ അതിര്‍ത്തികളിലൂടെ സുരക്ഷിതമായി നഗരത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് യു.എന്‍ ഏജന്‍സിയെന്നും സമീര്‍ അബ്ദുല്‍ജാബര്‍ വ്യക്തമാക്കി.

വേഗത്തില്‍ തന്നെ ഈ വഴികളിലൂടെ ഫലസ്തീനികളുടെ അടുത്തേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ റഫ അതിര്‍ത്തിയില്‍ സഹായങ്ങളുമായി നിരവധി ട്രക്കുകള്‍ വന്നു കിടക്കുന്നുണ്ടെങ്കിലും സഹായം വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഗസയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം വടക്കന്‍ ഗസയില്‍ പട്ടിണിമൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച ഗസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. പോഷകഹാരക്കുറവ് മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Content Highlight: The New York Times has announced an investigation against its freelancer who liked a post supporting the genocide in Gaza.