അന്താരാഷ്ട്ര സുരക്ഷിത ഗർഭച്ഛിദ്ര ദിനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് രണ്ട് ,സുപ്രധാന നിരീക്ഷണങ്ങളാണ്
അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
20 മുതൽ 24 ആഴ്ച വരെയുള്ള ഭ്രൂണത്തെ ഗർഭച്ഛിദ്രം നടത്താമെന്ന നിലവിലെ നിയമത്തിന്റെ പരിധിയിൽ അവിവാഹിതരും ഉൾപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ ഗർഭിണിയായ എല്ലാ സ്ത്രീകൾക്കും ഈ വിധി ബാധകമായിരിക്കും. വിവാഹം അതിനുള്ള മാനദണ്ഡമാകില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്.
ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
ലിവ്-ഇൻ-റിലേഷൻഷിപ്പിലുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി (എം.ടി.പി) നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മിൽ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ഭേദഗതി പ്രകാരം അവിവാഹിതരായ സ്ത്രീകളും വിവാഹിതരും തമ്മിലുള്ള കൃത്രിമ അന്തരം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ റൂൾ 3 ബി (സി)യിൽ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്ന് സ്റ്റീരിയോട്ടൈപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഭരണഘടനക്ക് എതിരാണെന്നും കോടതി പറഞ്ഞു.
ഗർഭധാരണത്തിന് വിവാഹിതരായ സ്ത്രീകൾക്കും വിവാഹിതരല്ലാത്തവർക്കും തുല്യ അവകാശമാണ് ഉള്ളത്.. ഇപ്രകാരം നോക്കുമ്പോൾ ഗർച്ഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വേർതിരിവ് നിലനിർത്താൻ കഴിയില്ല. ഇത്തരം അവകാശങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കുന്നതിനുള്ള അധികാരം സ്ത്രീകൾക്ക് നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കാലം മാറുന്നതിനനുസരിച്ച് നിയമങ്ങൾ പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. എം.ടി.പി ആക്ട് 1971ലാണ് നിലവിൽ വരുന്നത്. അക്കാലത്ത് കൂടുതൽ മുൻഗണന വിവാഹിതരായ സ്ത്രീകൾക്കായിരുന്നുവെന്നും ഇന്ന് കാലം മാറിയെന്നും ജസ്റ്റിസ് പറഞ്ഞു.
അതേസമയം മറ്റൊരു സുപ്രധാന നിരീക്ഷണം കൂടി കോടതി ഈ വിഷയത്തിൽ നടത്തുന്നുണ്ട്.
റേപ്പ് (Rape) എന്ന പദത്തിന് മാരിറ്റൽ റേപ്പ് (Marital Rape) എന്ന അർത്ഥം കൂടിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. നേരത്തെ അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനോട് കൂട്ടിച്ചേർത്താണ് വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം.
ഭർത്താവ് നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയരാക്കിയ സ്ത്രീകളും ലൈംഗിക അതിക്രമം അതിജീവിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുമെന്നാണ് കോടതിയുടെ പരാമർശം.
Content Highlight: the new hopes in Supreme court order about adoption and marital rape