കങ്കണ റണാവത്ത് നായികയായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തേജസ്. എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ഒക്ടോബര്‍ 27നാണ് റിലീസ് ചെയ്തത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ കിതക്കുന്ന കാഴ്ചയാണ് കണ്ടത്. 60 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് 2.5 കോടി മാത്രമാണ് നേടിയത്.
ചിത്രം കാണാനായി തുലോം തുച്ഛം പ്രേക്ഷകരാണ് തിയേറ്ററിലേക്ക് വരുന്നത്. ഇതോടെ പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കങ്കണ. തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും അവരുടെ നിലനില്‍പ്പിനായി പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരണമെന്നുമാണ് കങ്കണ എക്‌സില്‍ പങ്കുവെച്ച വീഡിയോയയില്‍ പറയുന്നത്.
‘കൊവിഡിന് മുമ്പ് തന്നെ തിയേറ്ററുകള്‍ക്ക് തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയിരുന്നു. കൊവിഡിന് ശേഷവും അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുത്തിട്ടും നിരവധി ഓഫറുകള്‍ നല്‍കിയിട്ടും തിയേറ്ററിലേക്ക് പ്രേക്ഷകര്‍ വരാത്തത് തുടരുകയാണ്. കുടുംബത്തോടും പ്രേക്ഷകരോടുമൊപ്പം തിയേറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ്. അല്ലെങ്കില്‍ തിയേറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല,’ കങ്കണ പറഞ്ഞു.
അതേസമയം കങ്കണയുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെ പരിഹാസവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. ‘ഇന്ത്യക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്ന് കാത്തിരിക്കൂ, പതുക്കെ കേറി വരും,’ എന്നാണ് എക്‌സില്‍ പ്രകാശ് രാജ് കങ്കണക്ക് മറുപടി നല്‍കിയത്. 2014ലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ തന്നെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം.
നേരത്തെ കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ബോക്‌സോഫീസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ചിത്രവും വലിയ ബോക്‌സോഫീസ് ദുരന്തമായിരുന്നു. എമര്‍ജെന്‍സിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തിരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.
Content Highlight: The new film Thejas failed; Prakash Raj mocks Kangana