മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എം.എന്‍.എസ്
national news
മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എം.എന്‍.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2024, 7:11 pm

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും തിരിച്ചടി നേരിട്ട് എന്‍.ഡി.എ സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെയുടെ എം.എന്‍.എസ് (മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എന്‍.ഡി.എ വെട്ടിലായത്. സംസ്ഥാനത്തെ ജനങ്ങളെ കേള്‍ക്കുന്നതില്‍ ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ 225 മുതല്‍ 250 സീറ്റുകളില്‍ എം.എന്‍.എസ് മത്സരിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. എന്ത് വിലകൊടുത്തും തന്റെ പാര്‍ട്ടിയെ അധികാരത്തിലേറ്റുമെന്നും രാജ് താക്കറെ പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി.

‘മഹാരാഷ്ട്ര സര്‍ക്കാരിന് റോഡിലെ കുഴികള്‍ നന്നാക്കാന്‍ ഫണ്ടില്ല. സംസ്ഥാനത്തെ സഹോദരിമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്ന പ്രഖ്യാപനം ഇവര്‍ എങ്ങനെ നടപ്പിലാക്കും?,’ എന്നാണ് രാജ് താക്കറെ ചോദിച്ചത്. സംസ്ഥാനത്തെ ലഡ്കി ബഹിന്‍ പദ്ധതി ഉദ്ധരിച്ചുകൊണ്ടായിരുന്നു താക്കറെയുടെ വിമര്‍ശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് പിന്തുണ നല്‍കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും എന്‍.ഡി.എ ഈ പിന്തുണ പ്രതീക്ഷിച്ചിരുന്നു. പിന്നാലെയാണ് രാജ് താക്കറെയുടെ പ്രഖ്യാപനം.

എന്‍.സി.പി അജിത് പവാര്‍ പക്ഷം, ഷിന്‍ഡെയുടെ ശിവസേന, ബി.ജെ.പി എന്നിവര്‍ ചേര്‍ന്നതാണ് മഹായുതി സഖ്യം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സഖ്യത്തിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.

2009ലാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. 13 സീറ്റുകളും എം.എന്‍.എസ് നേടിയിരുന്നു. അതേസമയം 2014, 2019 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് മാത്രമേ എം.എന്‍.എസിന് നേടാന്‍ കഴിഞ്ഞുള്ളു.

288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: The NDA was cut off when Raj Thackeray’s MNS announced that it would contest the assembly elections alone