മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി നേതാക്കള്‍ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമീപിച്ചിരുന്നതായി എന്‍.സി.പി നേതാവ്. 2021ല്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി ഭരണത്തിലിരിക്കെ നാല് നേതാക്കള്‍ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആവശ്യം. എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവായ അനില്‍ ദേശ്മുഖാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ഉദ്ധവ് താക്കറെ, ധനമന്ത്രിയായിരുന്ന അജിത് പവാര്‍, ടൂറിസം മന്ത്രിയായിരുന്ന ആദിത്യ താക്കറെ, ഗതാഗത മന്ത്രി അനില്‍ പരബ് എന്നീ നേതാക്കളെ ലക്ഷ്യം വെച്ചാണ് ഫഡ്നാവിസ് തന്നെ സമീപിച്ചതെന്നാണ് ദേശ്മുഖ് പറയുന്നത്. ഇവര്‍ക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നെങ്കിൽ സഖ്യം വലിയ തിരിച്ചടി നേരിട്ടേനെയെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.
മഹാ വികാസ് അഘാഡി നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഫഡ്നാവിസ് അറിയിച്ചതായും ദേശ്മുഖ് അവകാശപ്പെട്ടു.
ഒരു സഹായിയിലൂടെയാണ് എന്‍.ഡി.എ നേതാവായ ഫഡ്നാവിസ് തന്നെ സമീപിച്ചതെന്ന് ദേശ്മുഖ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഫഡ്നാവിസിന്റെ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തെന്നും ദേശ്മുഖ് പറഞ്ഞു. 2021 നവംബറില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ ഉദ്ധരിച്ചാണ് ദേശ്മുഖ് ഫഡ്‌നാവിസിനെതിരെ രംഗത്തെത്തിയത്.
ദേശ്മുഖിനെ സമീപിച്ച ഫഡ്‌നാവിസിന്റെ സഹായിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞതായി മറ്റ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 2022 ഏപ്രിലില്‍ സി.ബി.ഐയും അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തിരുന്നു. സംസ്ഥാനത്തെ ബാറുകളില്‍ നിന്ന് ഓരോ മാസവും 100 കോടി രൂപ തട്ടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി ചില ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്. മഹാ വികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയില്‍ ഭരണത്തിലേറിയത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചത്.
Content Highlight: The NCP leader said that Fadnavis had approached to topple the government in 2021