| Friday, 22nd May 2020, 11:57 am

'കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രാഷ്ട്രപതി ഭരണം നടപ്പിലാക്കണം'; ബി.ജെ.പിയോട് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് എന്‍.സി.പി. കൊവിഡിനെ തടയുന്നതില്‍ പരാജയപ്പെട്ട മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.സി.പി.

‘സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബി.ജെ.പി ആവശ്യം, അങ്ങനെയാണെങ്കില്‍ ആദ്യം മാറ്റേണ്ടത് ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരിനെയാണ്. പിന്നെ മധ്യപ്രദേശിലും ബീഹാറിലും. ഈ സംസ്ഥാനങ്ങളില്‍ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത് വളരെ ദയനീയമായാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കളിക്കുന്നതിന് പകരം ആ സംസ്ഥാനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ’, എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

‘ഈ മഹാമാരി കാലത്ത് സംയമനം പാലിക്കാനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടാതിരിക്കാനുമാണ് മറ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചത്. പക്ഷെ ബി.ജെ.പി കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടട്ടെ?. രാജ്യം കൊവിഡിനെതിരെ ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ മോദി ദീപം തെളിയിക്കാനും കൈകൊട്ടാനുമാണ് ആവശ്യപ്പെട്ടത്. എന്നിട്ടും ബി.ജെ.പിയെന്താണ് സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കാത്തത്?’, ജയന്ത് പാട്ടീല്‍ പറഞ്ഞു.

ഈ സമയത്ത് രാഷ്ട്രീയം പറയരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തെ തള്ളിക്കളയുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ശിവസേന രാജ്യസഭാംഗം പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more