അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
national news
അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 7:53 pm

ന്യൂദല്‍ഹി: കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദം മൂലം മരണപ്പെട്ട സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന യുവതിയില്‍ മരണത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.

മരണത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ അമ്മ കമ്പനിയുടെ മേധാവിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

അന്നയുടെ മരണത്തില്‍ നിയമനടപടിക്കില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അതേസമയം അന്നയുടെ മരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പ്രതികരിക്കുകയും വസ്തുതകള്‍ക്കനുസരിച്ച് നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് അന്നയുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഇ വൈ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും എല്ലാ തൊഴിലിടങ്ങളിലും നിശ്ചിത സമയ നിര്‍മാണം നടത്തണമെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

എല്ലാ ജോലിസ്ഥലങ്ങളിലും നിശ്ചിത സമയത്തിനുള്ള കലണ്ടര്‍ വേണമെന്നും ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതായും ശശി തരൂര്‍ പറഞ്ഞിരുന്നു. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

Content Highlight: The National Human Rights Commission intervened in the case of Anna Sebastian’s death due to work stress