തിരുവനന്തപുരം: കേരളത്തിലെ ആദിവാസി ആത്മഹത്യകളില്‍ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. 2024ല്‍ മാത്രമായി 23 ആത്മഹത്യകള്‍ നടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകളില്‍ സ്വമേധയാ കേസെടുത്ത മനുഷ്യവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് തേടി. രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ആദിവാസി ആത്മഹ്യകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, ധനസഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
പെരിങ്ങമല പഞ്ചായത്തില്‍ 2011നും 2022നും ഇടയില്‍ 138 ആദിവാസി ആത്മഹത്യകള്‍ നടന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. 2011 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 110 ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങമലയ്ക്ക് പുറമെ വിതുര, ആര്യനാട്, പാങ്ങോട്, നെയ്യാര്‍ ഡാം, പാലോട്, അമ്പൂരി എന്നീ പ്രദേശങ്ങളിലാണ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2021ല്‍ നാല് പെണ്‍കുട്ടികളാണ് തുടര്‍ച്ചയായി ആത്മഹത്യ ചെയ്തത്. ലഹരി മാഫിയകള്‍ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക അവഗണന, സാമ്പത്തിക പ്രതിസന്ധി എന്നിവയും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് ജില്ലയില്‍ ആദിവാസി യുവതിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നതും ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവവും വിവാദമായിരുന്നു.
എന്നാല്‍ ഇരുവിഷയങ്ങളും വലിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
Content Highlight: The National Human Rights Commission has registered a case against the suicides of tribals in the state