| Wednesday, 15th May 2024, 1:54 pm

രണ്ടാം തവണയും ഇന്ത്യയ്ക്ക് തിരിച്ചടി; യു.എന്‍ അംഗീകാരം നഷ്ടപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നഷ്ടപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. യു.എന്നിന്റെ നിയന്ത്രണത്തിലുള്ള ദേശീയ മനുഷ്യാവകാശ ഏജന്‍സികളുടെ ആഗോള സഖ്യമായ ജി.എ.എന്‍.എച്ച്.ആര്‍.ഐയാണ് അംഗീകാരം നിഷേധിച്ചത്.

ഇത് രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യയുടെ ദേശീയ മനുഷ്യവകാശ കമ്മീഷന് അക്രെഡിറ്റേഷന്‍ നിഷേധിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ താത്പര്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി നിന്നുകൊണ്ട് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് വിമര്‍ശനം.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യയുടെ വോട്ടവകാശത്തെ ഇത് സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് തുടര്‍ച്ചയായ രണ്ട് വര്‍ഷവും ഇന്ത്യയ്ക്ക് അക്രെഡിറ്റേഷന്‍ നഷ്ടമാകുന്നത്.

എന്‍.എച്ച്.ആര്‍.സി നിയമങ്ങളിലെ സുതാര്യതക്കുറവ്, സ്ത്രീ, ന്യൂനപക്ഷ പ്രാതിനിധ്യമില്ലാത്തത് അന്വേഷണത്തിന് പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഉണ്ടാകുന്ന വ്യത്യസ്തമായ താത്പര്യം എന്നീ കാര്യങ്ങള്‍ അക്രെഡിറ്റേഷന്‍ കിട്ടാതിരുന്നതിന് കാരണമായിട്ടുണ്ട്. ഇതിനുപുറമെ കമ്മീഷനിലെ ലിംഗ-ന്യൂനപക്ഷ പ്രാതിനിധ്യവും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

കമ്മീഷനില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്ത്യയ്ക്ക് ജി.എ.എന്‍.എച്ച്.ആര്‍.ഐയുടെ നിര്‍ദേശമുണ്ട്. മെയില്‍ ചേര്‍ന്ന അക്രെഡിറ്റേഷന്‍ ഉപസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് യു.എന്നിന്റെ അംഗീകാരം ലഭിക്കാതിരുന്നത്.

ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് അക്രഡിറ്റേഷന്‍ ഉപസമിതി.

ജി.എ.എന്‍.എച്ച്.ആര്‍.ഐയിലെ 120 അംഗരാജ്യങ്ങളില്‍ 88 എണ്ണത്തിന് ‘എ’ ഗ്രേഡും 32 എണ്ണത്തിന് ‘ബി’ ഗ്രേഡും ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് മുമ്പ് ‘എ ഗ്രേഡ്’ ആയിരുന്നു എന്നത് കമ്മീഷന്‍ വിലയിരുത്തേണ്ട വിഷയമാണെന്നും ജി.എ.എന്‍.എച്ച്.ആര്‍.ഐ ചൂണ്ടിക്കാട്ടി.

1993ല്‍ നിലവില്‍വന്ന പാരീസ് തത്വങ്ങള്‍ പാലിക്കുന്ന ദേശീയ മനുഷ്യാവകാശ ഏജന്‍സികള്‍ക്കാണ് എ ഗ്രേഡ് നല്‍കിവരുന്നത്.

Content Highlight: The National Human Rights Commission has lost the recognition of the United Nations

We use cookies to give you the best possible experience. Learn more