| Wednesday, 17th July 2024, 11:32 am

ഇ.വി.എം പരിശോധിക്കാം, ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം; നടപടിച്ചട്ടമിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ പരിശോധിക്കാന്‍ നടപടിച്ചട്ടമിറക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിച്ച വോട്ടിങ് മെഷിനുകളില്‍ പരിശോധന നടത്താനുള്ള ചട്ടമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഫലപ്രഖ്യാപനത്തിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എട്ട് സ്ഥാനാര്‍ത്ഥികളും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും ഇ.വി.എം പരിശോധിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രസ്തുത അപേക്ഷകള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

‘നിയമസഭ മണ്ഡലങ്ങളിലെ അഞ്ച് ശതമാനം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റുകള്‍ വരെ പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം,’ എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്കായിരിക്കും കോടതി നിര്‍ദേശാനുസരണം പരിശോധന നടത്താന്‍ സാധിക്കുക.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പോളിങ് സ്റ്റേഷനിലെ ഏത് ഇ.വി.എം വേണമെങ്കിലും പരിശോധനക്കായി ആവശ്യപ്പെടാം. ഇത് മണ്ഡലത്തിലെ മൊത്തം വോട്ടിങ് മെഷിനുകളുടെ അഞ്ച് ശതമാനത്തില്‍ കൂടുതലായിരിക്കരുതെന്നും നടപടിച്ചട്ടത്തില്‍ പറയുന്നു. വോട്ടിങ് മെഷിനുകള്‍ നിര്‍മിച്ച കമ്പനികളിലെ എഞ്ചിനീയറുടെ മേല്‍നോട്ടത്തിലായിരിക്കും പരിശോധന. ആ സമയം സ്ഥാനാര്‍ത്ഥികള്‍ സ്ഥലത്തുണ്ടാകണമെന്നും ചട്ടം വ്യക്തമാക്കി.

പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വഹിക്കണം, ഇ.വി.എമ്മില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണം തിരികെ നല്‍കണം, പരിശോധന ഫലം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തണം എന്നീ നിര്‍ദേശങ്ങളും നടപടിച്ചട്ടത്തില്‍ പറയുന്നു.

ഇ.വി.എമ്മുകളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെച്ചു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം.

Content Highlight: The National Election Commission has laid down the procedure to check the electronic voting machine

We use cookies to give you the best possible experience. Learn more