| Friday, 27th April 2018, 1:33 pm

The Nation Wants to Know: ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമോ: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍നിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം.

ദ നാഷന്‍ വാണ്‍ട്‌സ് ടു നോ എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാണോയെന്ന് രാജ്യത്തിനറിയണമെന്ന് വി.ടി ബല്‍റാം പോസ്റ്റില്‍ പറയുന്നു.

The Nation Wants to Know:

Is Rahul Gandhi”s life safe & protected in BJP ruled India?

ഇന്ന് രാവിലെ 9.20 ഓടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ദല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ രാവിലെ 10.45 ഓടെയാണ് തകരാര്‍ കണ്ടത്.

പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട് താഴേക്കു ചരിഞ്ഞതായും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷനു (ഡിജിസിഎ) നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. “വിടിഎവിഎച്ച്” കോഡിലെ ചാര്‍ട്ടേര്‍ഡ് വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ തെന്നിയതായും റിപ്പോര്‍ട്ടുണ്ട്.


Dont Miss ‘കള്ളം മാത്രം പറയുന്ന ആളാണ് മോദി; ഈ മനുഷ്യന് ഇന്ത്യയെ മുന്നോട്ട് നയിക്കാനാവില്ല’; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


വിമാനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ച കൈലാഷ് വിദ്യാര്‍ഥി തകരാര്‍ സംബന്ധിച്ചു കര്‍ണാടക ഡി.ജി.പിക്കു പരാതി നല്‍കി. രാംപ്രീത്, രാഹുല്‍ രവി, എസ്.പി.ജി ഉദ്യോഗസ്ഥന്‍ രാഹുല്‍ ഗൗതം എന്നിവരാണ് കൈലാഷിനെ കൂടാതെ രാഹുലിനൊപ്പം പ്രത്യേക വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഓട്ടോ പൈലറ്റ് സംവിധാനം വിമാനത്തില്‍ പ്രവര്‍ത്തനരഹിതമായെന്നും മൂന്നാം ശ്രമത്തില്‍ മാത്രമാണ് ഹുബ്ലിയില്‍ 11.25 ഓടെ വിമാനം ഇറക്കാന്‍ സാധിച്ചതെന്നും പരാതിയില്‍ പറയുന്നു. കാലാവസ്ഥ ശാന്തമായ അവസ്ഥയില്‍ ഇത്തരത്തില്‍ വിമാനത്തില്‍ തകരാര്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ പരാതി.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സുരക്ഷാ സൈനികര്‍ ക്യാബിന്‍ ക്യൂവിനെയും രണ്ടു പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പൈലറ്റുമാര്‍ക്കെതിരെ ഗോകുല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വിമാനങ്ങളില്‍ ഓട്ടോ പൈലറ്റ് സംവിധാനത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകള്‍ അസാധാരണമല്ല. ഇങ്ങനെയാണെങ്കിലും വിഐപി വിമാനങ്ങളിലെ തകരാര്‍ സംബന്ധിച്ച സംഭവങ്ങള്‍ ഡിജിസിഎ വിശദമായി പരിശോധിക്കാറുണ്ടെന്നും ഇതിലും അതുണ്ടാകുമെന്നും ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more