ഹേമ കമ്മിറ്റിയെ കണ്ടവരുടെ പേരുകളും മൊഴികളും പുറത്ത് വരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.സി.സി
Cinema
ഹേമ കമ്മിറ്റിയെ കണ്ടവരുടെ പേരുകളും മൊഴികളും പുറത്ത് വരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.സി.സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th September 2024, 1:56 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ട് ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്ത് വരരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഡബ്ല്യൂ.സി.സി. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങിയവരാണ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യൂ.സി.സി. ആവശ്യപ്പെട്ടു.

തങ്ങള്‍ തങ്ങളുടെ ആശങ്ക പറയാന്‍ വേണ്ടി മാത്രമായിരുന്നു മുഖ്യമന്ത്രിയെ കണ്ടതെന്നും ആവശ്യങ്ങള്‍ കേട്ട മുഖ്യമന്ത്രി പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് നടി രേവതി മനോരമ ന്യൂസിനോട് പറഞ്ഞു. ഹേമ കമ്മിറ്റിയുമായി സംസാരിച്ച ആളുകളുടെ പ്രൈവസിയും അവര്‍ പറഞ്ഞ കാര്യങ്ങളും പുറത്ത് വരാന്‍ പാടില്ലെന്നും നടി പറയുന്നു.

‘ഞങ്ങള്‍ ഞങ്ങളുടെ ആശങ്ക പറയാന്‍ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തെ കണ്ടത്. ഹേമ കമ്മിറ്റിയുമായി സംസാരിച്ച ആളുകളുടെ പ്രൈവസിയും അവര്‍ പറഞ്ഞ കാര്യങ്ങളും പുറത്ത് വരാന്‍ പാടില്ല. ചെയ്ത ആളുകള്‍ അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ് കോടതിയിലും മറ്റും പോകും. അവസാനം ഇരകളാണ് പ്രയാസം നേരിടുക. അവര്‍ സുരക്ഷിതരായി ഇരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്,’ രേവതി പറഞ്ഞു.

അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും കോടതി പറഞ്ഞ രേഖകളെല്ലാം ഹാജരാക്കിയെന്നും മന്ത്രി പറഞ്ഞു.

Content Highlight: The names and statements of those who met the Hema Committee should not be revealed; WCC met the Chief Minister