| Sunday, 10th September 2023, 4:19 pm

പേര് ഭാരതമെന്നാക്കും, വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യും, താത്പര്യമില്ലാത്തവര്‍ക്ക് രാജ്യം വിടാം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യയുടെ പേര് ഭാരതമെന്നാക്കാമെന്നും ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയിലുള്ള വിദേശികളുടെ പ്രതികമകള്‍ നീക്കം ചെയ്യുമെന്നും ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ബി.ജെ.പി മുന്‍ ദേശീയ ഉപാധ്യക്ഷനാണ് ബംഗാളില്‍ നിന്നുള്ള ദിലീപ് ഘോഷ്. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കുന്നതില്‍ താത്പര്യമില്ലാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖരക്പൂരില്‍ നടന്ന ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ഞായറാഴ്ചയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മേദിനിപൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ് അദ്ദേഹം.

‘ ഇന്ത്യയുടെ പേര് ഭാരതമെന്നാക്കും, ബംഗാളില്‍ നമ്മള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ കൊല്‍ക്കത്തയിലുള്ള വിദേശികളുടെ പ്രതിമകളെല്ലാം നീക്കം ചെയ്യും. താത്പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ട് പുറത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്.’ ദിലീപ് ഘോഷ് പറഞ്ഞു.

നേരത്തെ ബംഗാളില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവും ഇന്ത്യയുടെ പേര് ഭാരതമാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയിരുന്നു. രാജ്യത്തിന് ഒരേ സമയം രണ്ട് പേരുകളുള്ളത് നല്ലകാര്യമല്ലെന്നും, ലോകനേതാക്കളെല്ലാം ദല്‍ഹിയിലുണ്ട് ഉണ്ട് എന്നതിനാല്‍ രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാന്‍ ഇത് നല്ല സമയമാണെന്നുമായിരുന്നു ബംഗാളില്‍ നിന്ന് തന്നെയുള്ള മറ്റൊരു ബി.ജെ.പി നേതാവായ രാഹുല്‍ സിന്‍ഹ പറഞ്ഞത്.

അതേസമയം ഇന്ത്യ മുന്നണിയെ ഭയപ്പെട്ടത് കൊണ്ട് മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ക്കുള്ള മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വാക്താവ് ശാന്തനു സെന്‍ പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയുടെ പേര് ഭാരതമാക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തന്നെയാണ് ഈ ചര്‍ച്ച തുടങ്ങിവെച്ചത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ തന്നെയാണ് രാഷ്ട്രപതിയുടെ കത്തിലും ജി.20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും ഇന്ത്യക്ക് പകരം ഭാരതം എന്ന് രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

content highlights: The name will be changed to Bharat, statues of foreigners will be removed, those who are not interested can leave the country; BJP leader with controversial statement

We use cookies to give you the best possible experience. Learn more